വണ്ണം കുറയ്ക്കാന്‍ രാവിലെ ചൂട് വെള്ളം കുടിച്ചാല്‍ മതിയോ…?

പൊണ്ണത്തടി ഇക്കാലത്ത് സര്‍വ്വ സാധാരണമായി കഴിഞ്ഞു. മാറിയ ജീവിത രീതികള്‍ മലയാളികളെ ചെറു പ്രായത്തിലെ തടിയന്മാരും തടിച്ചികളും ആക്കുകയാണ്. അതില്‍ നിന്നും പുറത്തു വരാന്‍ എന്തിനും തയ്യാറാണ് നമ്മുടെ തലമുറ. വണ്ണം കുറയ്ക്കാനുള്ള മരുന്നും വ്യായാമവും ഒക്കെ ഇപ്പോള്‍ കോടികള്‍ ഉണ്ടാക്കുന്ന ബിസിനസ്സ് കൂടിയാണ്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്നതിനായി വ്യാജവിവരങ്ങള്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. ഇങ്ങനെ വണ്ണം കുറയ്ക്കാന്‍ സഹായകമാണെന്ന രീതിയില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നതാണ് സത്യം.

അത്തരത്തില്‍ ശാസ്ത്രീയമായി ശരിയല്ലാത്തൊരു പ്രചാരണമാണ് രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമെന്നത്. രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ ഇതൊരിക്കലും വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ല. പക്ഷെ വേറെ പല ഗുണങ്ങളും ഇതിലൂടെ ലഭിക്കും. പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാന്‍ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി ( വീട്ടില്‍ തന്നെ തയ്യാറാക്കിയത്). ഇതെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണമാകും.

ചൂടുവെള്ളം രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തമെത്തും. ആകെ ആരോഗ്യത്തെ തന്നെ ഇത് നല്ലരീതിയില്‍ സ്വാധീനിക്കും.സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവവേദന ലഘൂകരിക്കാനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. ചിലര്‍ക്ക് എപ്പോഴും മലബന്ധം പ്രശ്നം സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്കും രാവിലെ എഴുന്നേറ്റയുടനെ ചൂടുവെള്ളം കുടിക്കുന്നത് സഹായകമാണ്. ഇത് മലം വയറിനകത്ത് ഉറച്ചുകിടക്കാതെ പുറത്തുപോകുന്നതിന് സഹായിക്കും. ചുമ, ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനും ഇവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും.