ഋഷി സുനകിനെ മറികടന്ന് ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രിയായി ലിസ് ട്രസ്. കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് ട്രസിന്റെ വിജയം. മാര്‍ഗരറ്റ് താച്ചറിനും തെരസാ മേയ്ക്കും ശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന വനിതയാണ് ലിസ് ട്രസ്. ഒന്നരലക്ഷത്തോളം കണ്‍സര്‍വേറ്റീവ് അംഗങ്ങളില്‍ 81,326 വോട്ട് ലിസ് ട്രസ് നേടിയപ്പോള്‍ 60,399 വോട്ട് മാത്രമാണ് ഋഷി സുനകിന് ലഭിച്ചത്. ഇന്ത്യന്‍ വംശജനെന്നും അതിസമ്പന്നനെന്നുമുള്ള പാര്‍ട്ടിയ്ക്കുള്ളിലെ എതിരാളികളുടെ പ്രചാരണമാണ് ഋഷി സുനകിന് തിരിച്ചടിയായത്. പാര്‍ട്ടി ഗേറ്റ് വിവാദത്തെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജിവച്ചതിനാലാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും ലിസ് ട്രസ് തന്നെ നയിക്കും. ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന ആദ്യഘട്ടത്തില്‍ മറ്റ് സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഋഷി സുനകിന്റെ മുന്നേറ്റം. അഞ്ചില്‍ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോര്‍ഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടില്‍ പെന്നി മോര്‍ഡന്റിനെ പിന്നിലാക്കിയാണ് ലിസ് ട്രസ് ഋഷി സുനകിന് വെല്ലുവിളിയായത്. ഒന്നര ലക്ഷത്തോളം കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ വോട്ട് ചെയ്ത രണ്ടാം ഘട്ടത്തിന്റെ തുടക്കം തൊട്ടേ അഭിപ്രായ സര്‍വ്വേകളില്‍ ലിസ് ട്രസ് മുന്നിലെത്തി. ഋഷി സുനക് ഇന്ത്യന്‍ വംശജനാണെന്ന എതിരാളികളുടെ നിശബ്ദ പ്രചാരണം തിരിച്ചടിയായി.

അതിസമ്പനനാണെന്നും ഇന്ത്യന്‍ പൗരയായ ഭാര്യ അക്ഷത ബ്രിട്ടനില്‍ നികുതി നല്‍കുന്നില്ലെന്ന പ്രചാരണവുമെല്ലാം ഋഷിയുടെ മുന്നേറ്റത്തിന് തടസ്സമായി. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെയും മകളാണ് അക്ഷത. പഞ്ചാബില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് ഋഷി സുനകിന്റെ പൂര്‍വികര്‍. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക.ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ആദ്യ ഘട്ടത്തില്‍ ബ്രെക്‌സിറ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച ലിസ് ഡേവിഡ് കാമറണ്‍, തെരേസ മേയ് മന്ത്രിസഭകളിലും അംഗമായിരുന്നു.