തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് ; മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്. ഇന്നലെ അപകടം ഉണ്ടായതിനെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് തിരുവനന്തപുരം വനം ഡിവിഷനിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ പല ഇടത്തും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പെന്ന നിലയില്‍ നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 180 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇന്ന് വൈകുന്നേരം 06.15ന് 80 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുo. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 300 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. വൈകുന്നേരം 06.15ന് അത് 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നും സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടി. നെടുംപൊയില്‍ മാനന്തവാടി ചുരം റോഡിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപത്തിയേഴാം മൈലില്‍ സെമിനാരി വില്ലയോട് ചേര്‍ന്ന് വനത്തിലാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണുള്ളത്.
സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേര്‍ ബോട്ടിലുണ്ടായിരുന്നു. ആറുപേരെ കാണാതായി. പത്തുപേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ മധ്യ – തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.