മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി , കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂ ഡല്‍ഹി : മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടില്ല, ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും, രണ്ട് പാര്‍ട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് എം ആര്‍ ഷാ , ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ പറയുന്ന പാര്‍ട്ടികള്‍ക്ക് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കി. കേസ് ഇനി ഒക്ടോബര്‍ 18ന് പരിഗണിക്കും.