കനത്ത മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; തിരുവനന്തപുരത്ത് നദികളില്‍ തീവ്രപ്രളയ സാഹചര്യം
ഓണം പടിവാതിലില്‍ എത്തി നില്‍ക്കെ മഴ എല്ലാം കുളമാക്കുമോ എന്ന ടെന്‍ഷനിലാണ് മലയാളികള്‍. രണ്ടു കൊല്ലത്തിനു ശേഷം ഇത്തവണ ഓണം നല്ലത് പോലെ ആഘോഷിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. എന്നാല്‍ കേരളത്തിനെ വിട്ട് മഴമേഘങ്ങള്‍ മാറാത്തത് മലയാളികളുടെ മുഖത്ത് സന്തോഷം കുറയാന്‍ കാരണമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് 4 ജില്ലകളില്‍ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതയും തുടരുകയാണ്.
അതേസമയം ഒന്നാം ഓണമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഉത്രാടപ്പാച്ചില്‍ വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാട ദിനത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളില്‍ നാളെ ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ വലിയ ആശ്വാസമുള്ളത്. പത്തനംതിട്ട ജില്ലയില്‍ മലയോര മേഖലയില്‍ മഴ ശക്തമാണ്. അച്ചന്‍കോവില്‍ , പമ്പാ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട്, മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലത്ത് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5സെന്റീ മീറ്റര്‍ ഉയര്‍ത്തി. കല്ലടയാറ്റിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണം. ഗുരുവായൂരിലും രാവിലെ മഴ ശക്തമായിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും. അതിനിടെ തിരുവനന്തപുരത്ത് കരമനയാറില്‍ തീവ്രപ്രളയ സാഹചര്യമെന്നും ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമുകള്‍ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷന്‍ പറഞ്ഞു. ഇടുക്കി ഇടമലയര്‍ ഡാമുകളിലേക്ക് ഒഴുക്ക് വര്‍ദ്ദിക്കുമെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ, ഇടമലയാര്‍ ഡാം തുറക്കാന്‍ അനുമതി ലഭിച്ചു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 125 സെന്റിമീറ്റര്‍ വരെ തുറക്കും. 75 മുതല്‍ 175 ക്യൂമെക്സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.