പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കുളില്‍ പ്രസവിച്ചു ; ഉത്തരവാദി പത്താം ക്ലാസുകാരന്‍

തമിഴ് നാട്ടിലെ ചിദംബരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്‌കൂളിലെ ടോയിലറ്റിനടുത്തുള്ള കുറ്റിക്കാട്ടില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് അവള്‍ ഹെഡ്മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ഭുവനഗിരി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി മൃതദേഹം ചിദംബരത്തെ കാമരാജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കി.

തുടര്‍ന്ന് മൃതദേഹം എങ്ങനെയാണ് സ്‌കൂളിന് സമീപം എത്തിയത് എന്ന അന്വേഷണത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുന്നത്. അന്വേഷണത്തില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന 16-കാരിയായ പെണ്‍കുട്ടി അത് തന്റെ കുഞ്ഞാണെന്ന് പൊലീസിന് മൊഴി നല്‍കി. പതിവുപോലെ സ്‌കൂളില്‍ വന്ന തനിക്ക് ക്ലാസില്‍ ഇരിക്കുമ്പോഴാണ് പ്രസവ വേദന വന്നതെന്ന് അവള്‍ പറഞ്ഞു. തുടര്‍ന്ന് അവള്‍ എങ്ങനെയോ ടോയിലറ്റില്‍ എത്തി. അവിടെവെച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. കൈയിലുണ്ടായിരുന്ന പേന കൊണ്ടാണ് പൊക്കിള്‍ക്കൊടി മുറിച്ചതെന്ന് അവള്‍ പറഞ്ഞു.

പ്രസവത്തെക്കുറിച്ചോ കുഞ്ഞിനെ എങ്ങനെ പുറത്തെടുക്കണമെന്നോ അറിയാത്ത പെണ്‍കുട്ടിയുടെ പരിചയമില്ലായ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത് എന്നാണ് പൊലീസ് കരുതുന്നത്. ചോരവാര്‍ന്ന് അവശ നിലയിലായിരുന്നുവെങ്കിലും ജീവനില്ലാത്ത കുഞ്ഞിനെ ടോയിലറ്റിനു പുറത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം താന്‍ ക്ലാസിലേക്ക് മടങ്ങിപ്പോയതായും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. മറ്റൊരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പൊലീസ് അറിഞ്ഞു. കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഈ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.