ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ…? ഓണസദ്യ വിവാദത്തില്‍ മറുപടിയുമായി ജീവനക്കാര്‍
മനസമാധാനമായി മലയാളി ഓണം കൊണ്ടാടുന്ന സമയമാണ് ഇത്. കഴിഞ്ഞ നാലഞ്ചു കൊല്ലമായി മലയാളിക്ക് ഓണം ഇരുന്നുണ്ണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. രണ്ടു പ്രളയം കഴിഞ്ഞു കൊറോണ വന്നപ്പോള്‍ മലയാളിക്ക് ഓണം അന്യമാവുകയായിരുന്നു. എന്നാല്‍ ഇത്തവണ മഴ ഭീഷണി ഉണ്ട് എങ്കിലും ഓണം അടിച്ചു പൊളിക്കുകയാണ് മലയാളി. എല്ലായിടത്തും ഓണാഘോഷങ്ങള്‍ തകൃതിയായി കൊണ്ടാടുകയാണ്. അതിനിടയിലാണ് ഓണസദ്യ മാലിന്യത്തില്‍ തള്ളിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഓണാഘോഷത്തിന് ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മാലിന്യ തൊഴിലാളികള്‍ ഓണസദ്യ വലിച്ചെറിഞ്ഞു എന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ തൊഴിലാളികള്‍ക്കെതിരെ നടപടിയും വന്നു. ഓണക്കാലത്ത് തൊഴില്‍രഹിതരായി പ്രതിഷേധിച്ചവര്‍ വീട്ടിലിരിപ്പായി.
ഓണസദ്യ മാലിന്യത്തില്‍ കളഞ്ഞവരെ അഹങ്കാരികളായും പാപികളായും മുദ്രകുത്തിക്കഴിഞ്ഞു, എന്നാല്‍ അവര്‍ക്ക് പറയാനും ചിലതുണ്ട്. മനസ്സ് വേദനിച്ച് അപമാനിതരായി മടങ്ങിപ്പോകേണ്ടി വന്ന, ഇപ്പോള്‍ തൊഴിലും നഷ്ടപ്പെട്ട ഓണക്കാലത്തെ കുറിച്ച്. തിരുവനന്തപുരം ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളിയാണ് ഓണാഘോഷത്തിന്റെ ദിവസം നടന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ‘ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികളാണ് ഞങ്ങള്‍, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചാലയില്‍ ജോലിഭാരം കൂടുതലാണ്. കൊറോണ കാരണം ജോലിക്ക് കയറിയ സമയത്ത് രണ്ട് വര്‍ഷം ഓണാഘോഷം ഒന്നുമുണ്ടായിരുന്നില്ല, ഇത്തവണ ആദ്യത്തെ ഓണമായതിനാല്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള അനുമതിയും നേരത്തേ വാങ്ങിയതാണ്.
പക്ഷേ, അന്ന് നടന്ന കാര്യങ്ങളും അതിനു ശേഷമുണ്ടായതും ഓര്‍ക്കുമ്പോള്‍ ആകെ പ്രയാസമാണ്. മനസ്സ് മടുത്താണ് ഇരിക്കുന്നത്. ഭക്ഷണം കഴിക്കാനോ കുളിക്കാനോ പോലും മനസ്സില്ലാതായി. ഓര്‍ക്കുമ്പോ വിഷമാണ്. നാളെ തിരുവോണമായിട്ടും സന്തോഷമില്ല.’ അവര്‍ പറയുന്നതിലും കാര്യമുണ്ട് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
സംഭവത്തില്‍ തൊഴിലാളികള്‍ പറയുന്നത് :
‘ഓണപ്പരിപാടിക്കായി നേരത്തേ 200 രൂപ കൊടുത്തിരുന്നു. അനുമതി മുന്‍കൂട്ടി വാങ്ങിയതിനാല്‍ സദ്യയും നേരത്തേ തന്നെ വിളിച്ച് ഏര്‍പ്പാടാക്കി. അത്യാവശ്യമുള്ള ജോലികളെല്ലാം തീര്‍ത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. നേരത്തേ ജോലിക്ക് കയറി കലാപരിപാടികളൊക്കെ കഴിഞ്ഞ് സദ്യയും കഴിച്ച് വീട്ടില്‍ പോകാമെന്നായിരുന്നു കരുതിയത്. അതുകൊണ്ട് അന്ന് നേരത്തേ തന്നെ ജോലിക്ക് എത്തി.
എല്ലാം കഴിഞ്ഞ് ഏഴ് മണിയോടെ ഓഫീസില്‍ എത്തിയപ്പോഴാണ് ടിപ്പറില്‍ പോയി ഓട മാലിന്യം നീക്കണമെന്ന് പറയുന്നത്. ആ റൂട്ടില്‍ ദിവസവും പോകുന്നതാണ്. പരിപാടിയുടെ തലേദിവസവും പോയി വൃത്തിയാക്കിയതാണ്. മനുഷ്യന്റെ മാലിന്യം വരെ വാരുന്നുണ്ട് ഞങ്ങള്‍. അന്നൊരു ദിവസം ഞങ്ങള്‍ക്ക് ഇളവ് തന്നില്ല. പൂക്കളം ഇടാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രം നിന്നിട്ട് ബാക്കി എല്ലാവരും പോകാനാണ് പറഞ്ഞത്. അങ്ങനെ ഞങ്ങള് പോയി.
10.30 ന് തന്നെ സാറന്മാര് ലഞ്ച് പൊതിയുമായിട്ട് വന്നു. ഇടയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എത്തി പൂക്കളത്തിന്റെ ഫോട്ടോ എടുത്തു പോയി. ഇതിനിടയില്‍ ജെസിബിയില്‍ കലാപാരിപാടിക്ക് തീരുമാനിച്ചയിടത്ത് വേസ്റ്റ് വലിച്ചിട്ടിരുന്നു. അതോടെ കലാപരിപാടികളും നടത്താന്‍ പറ്റില്ലെന്നായി. ഓടകളില്‍ തള്ളുന്ന അറവു മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി ബൈപാസ് റോഡിലേക്ക് പോകാനാണ് പറഞ്ഞത്. ആ ജോലി ഏകദേശം 12.30 ആയപ്പോഴേക്കും അവസാനിച്ചു. പക്ഷേ, അത്രയും നാറി നില്‍ക്കുന്ന ഞങ്ങളെങ്ങനെയാണ് പിന്നീട് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നത്. നിങ്ങള്‍ ആ ജോലി ഒരിക്കല്‍ ചെയ്തു നോക്കൂ. അപ്പോള്‍ ഞങ്ങള്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.’
ഈ സമയത്ത് നേരത്തേ ഓര്‍ഡര്‍ ചെയ്ത ഓണസദ്യ വിളമ്പി വെച്ചിരിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥയില്‍ ഓണം ആഘോഷിക്കാനോ സദ്യ ഉണ്ണാനോ കഴിയില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നാണ് എല്ലാവരും പറഞ്ഞത്. ബാക്കിയുള്ളത് 11 പേരാണ്. അത്രയും പേര്‍ മടങ്ങിപ്പോയിട്ടും ഞങ്ങള്‍ വിഷമിച്ച് അപമാനിതരായി ഇരുന്നിട്ടും ആരും ഒരു വാക്ക് പോലും പറഞ്ഞില്ല. ആ സദ്യ ഞങ്ങള്‍ക്ക് കഴിക്കാന്‍ കഴിയില്ലായിരുന്നു, ആര്‍ക്കും കൊടുക്കാനും കഴിയില്ല. അതുകൊണ്ടാണ് കളഞ്ഞത്’.
‘അത് മാധ്യമങ്ങളില്‍ വന്നതുപോലെ വലിച്ചെറിഞ്ഞതൊന്നുമല്ല. അടുത്ത ദിവസം ഞങ്ങള്‍ തന്നെ വൃത്തിയാക്കേണ്ട എയര്‍ബിന്നിലാണ് ഉപേക്ഷിച്ചത്. മറ്റെല്ലാവരും ഓണം ആഘോഷിച്ചു, ഞങ്ങള്‍ക്ക് മാത്രം ഓണം ഇല്ല. കുടുംബത്തിലും ഓണം ഇല്ലാതായി. ആരോടും പരാതിയും പരിഭവവും ഇല്ല. സാറമ്മാര് വിളിപ്പിച്ചാ ഞങ്ങള്‍ക്ക് പറയാനുള്ളത് അവിടെ പറയും.’- ഇടറിയ ശബ്ദത്തില്‍ പറഞ്ഞവസാനിപ്പിച്ചു. കോര്‍പ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയര്‍ ഉത്തരവിട്ടത്. നാളെ കേരളം മുഴുവന്‍ ഓണം ആഘോഷിക്കുമ്പോള്‍ തലസ്ഥാന നഗരത്തെ വൃത്തിയായി സൂക്ഷിച്ച പതിനൊന്ന് പേരാണ് സമൂഹത്തിന് മുന്നില്‍ കുറ്റവാളികളായി കഴിഞ്ഞുകൂടുന്നത്.
വേദനയ്ക്കിടയില്‍ അവര്‍ പറഞ്ഞ ഒരുവാക്ക് ഇങ്ങനെയാണ്, ‘ഭക്ഷണത്തിന്റെ മൂല്യം അറിയില്ലെന്നു പറഞ്ഞ് ഈ ഒരൊറ്റ സംഭവം കൊണ്ട് ഞങ്ങളെ വിലയിരുത്തരുത്. ഞങ്ങള്‍ പാവപ്പെട്ടവരായതിനാലാണ് ഈ ജോലി തിരഞ്ഞെടുത്തത്’.