പതിനാലുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവിന്റെ മകന്‍ ; കാരണം സാമ്പത്തിക ഇടപാട്
കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവിന്റെ മകന്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നില്‍. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മര്‍ത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്.
കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒന്‍പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. മര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികള്‍ അടങ്ങുന്ന ആറംഗ സംഘം തട്ടിയെടുത്തത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് സംഘം ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയില്‍ വെച്ച് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റര്‍ മുന്‍പാണ് സംഘത്തെ തടഞ്ഞത്. തമിഴ്‌നാട് സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്താണ് സംഘം എത്തിയത്. പൊലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. പിന്നിടു ഓട്ടോയില്‍ ആഷിക്കും 2 പേരും ഉണ്ടെന്നു വിവരം കിട്ടുകയായിരുന്നു. ഓടിയ ഇവരില്‍ ഒരാളെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആള്‍ ഫിസിയോതെറപ്പിസ്റ്റ് ആണെന്നാണ് വിവരം. ഓട്ടോയില്‍ അബോധാവസ്ഥയില്‍ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം തട്ടിക്കൊണ്ടുപോയവര്‍ മയക്കുഗുളിക നല്‍കി ബോധരഹിതനാക്കിയെന്ന് 14 കാരന്‍ പറയുന്നു. സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട് പോയവര്‍ സംസാരിച്ചത് തമിഴാണെന്നും 14 കാരന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒരാള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതിനായി തമിഴ്‌നാട് പൊലീസുമായി യോജിച്ചുള്ള ഓപറേഷനാണ് കേരളാ പൊലീസ് നടത്തുന്നത്. ഡോക്ടറുള്‍പ്പെടെയുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.