മമ്മൂട്ടിയുടെ പ്രിയ നമ്പര്‍ 369 ; പിന്നിലെ രഹസ്യമെന്ത് ?
നടനെന്ന നിലയില്‍ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറില്‍ 400-ലധികം സിനിമകളില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 71-ാം ജന്മദിനം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ അദ്ദേഹം, ശ്രദ്ധേയവും കഠിനവുമായ വേഷങ്ങളിലൂടെ അദ്ദേഹം തന്റെ മികവ് പലകുറി തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ അതുല്യമായ ചാരുതയും കഴിവും നടനെന്ന നിലയില്‍ അദ്ദേഹത്തെ വേറിട്ടതാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലെ ചിത്രങ്ങളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ആഡംബര കാറുകളുടെ ഒരു നിര തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ബിഎംഡബ്ല്യു ഇ 46 എം 3, മിനി കൂപ്പര്‍ എസ്, ജാഗ്വര്‍ എക്സ്ജെ, ടൊയൊട്ട ലാന്‍ഡ് ക്രൂസര്‍, ഔഡി എ7, മിത്സുബിഷി പജീറോ സ്പോര്‍ട്ട്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിങ്ങനെ നീളുന്നു താരരാജാവിന്റെ കാര്‍ കളക്ഷന്‍. ഈ വാഹനങ്ങളെല്ലാം ഒരു കാര്യത്തില്‍ സമന്മാര്‍ ആണ്. മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളുടെയും നമ്പര്‍ 369 ആണ്.
മമ്മൂട്ടിയുടെ 369 നോടുള്ള പ്രണയം കാരണം ഫേസ്ബുക്കില്‍ ഈ പേരില്‍ ഒരു ഫാന്‍ പേജ് തന്നെയുണ്ട്. എന്തുകൊണ്ടാണ് ഈ നമ്പര്‍ മമ്മൂട്ടിക്ക് ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം ? എന്താണ് ഈ നമ്പറിന് പിന്നിലെ രഹസ്യം ?പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. 369 എന്നായിരുന്നു അതിന്റെ ലോക്ക് കോഡ്. ഈ നമ്പര്‍ ഇഷ്ടപെട്ട മമ്മൂട്ടി തന്റെ കാറുകള്‍ക്കും ഇതേ നമ്പര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.