നൃത്തത്തിനിടെ കുഴഞ്ഞു വീണു മരണം ; നൊമ്പരമായി യുവാവിന്റെ അന്ത്യനിമിഷങ്ങളുടെ വീഡിയോ

വേദിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 20 വയസ് മാത്രമുള്ള യുവാവാണ് കുഴഞ്ഞു വീണു മരിച്ചത്. ജമ്മുവിലെ ബിഷ്നയില്‍ ഗണേശ ഉത്സവത്തിനിടെ നടത്തിയ പരിപാടിക്കിടെയാണ് കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെയായിരുന്നു 20 കാരനായ യോഗേഷ് ഗുപ്ത കുഴഞ്ഞുവീണത്. ആദ്യം സഹ കലാകാരന്മാര്‍ക്ക് സംഭവം മനസിലായിരുന്നില്ല. ഇരുന്നുള്ള ചുവടുകള്‍ക്കിടെയായിരുന്നു യോഗേഷ് കുഴഞ്ഞുവീണത്. യോഗേഷ് ഗുപ്ത എഴുന്നേല്‍ക്കാത്തത് ശിവന്റെ വേഷം ധരിച്ചിരുന്ന കലാകാരന്‍ വേഗത്തില്‍ ശ്രദ്ധിച്ചു. ഇയാള്‍ മറ്റുള്ളവരെ ഉടന്‍ തന്നെ വിളിച്ച് യോഗേഷിനെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും യോഗേഷിന്റെ മരണം സംഭവിച്ചിരുന്നു.

യോഗേഷിന്റെ മരണത്തിന് പിന്നാലെ അവസാന നൃത്തത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നു. യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. എത്രയും വേഗം സഹ കലാകാരന്മാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും എല്ലാവര്‍ക്കും വേദന സമ്മാനിച്ച് യോഗേഷ് അപ്പോഴേക്കും വിട പറഞ്ഞിരുന്നു. യോഗേഷിന്റെ അവസാന നൃത്തത്തിന്റെ വീഡിയോ ഏവരും ഹൃദയം കൊണ്ട് ഏറ്റെടുത്തിട്ടുണ്ട്. വലിയ വേദന എന്ന വികാരമാണ് പലരും പങ്കുവയ്ക്കുന്നത്. 20 വയസ് മാത്രമുള്ള കലാകാരനാണ് വേദിയില്‍ ജീവന്‍ നഷ്ടമായതെന്നത് വലിയ സങ്കടം എന്നാണ് പലരും കമന്റിടുന്നത്.