ആര്‍ക്കും വേണ്ടാതെ അനാഥമായി ഹിറ്റലറിന്റെ സ്വപ്ന ഹോട്ടല്‍ ; പതിനായിരം മുറികള്‍ ഉള്ള ലോകത്തെ ഏറ്റവും വലിയ ഹോട്ടലിന്റെ ഇപ്പോഴത്തെ അവസ്ഥ

ജര്‍മ്മനിയിലെ ബാള്‍ട്ടിക് കടലിന് സമീപമുള്ള ദ്വീപായ റുഗെനിലെ കടല്‍ത്തീരത്ത് മൂന്ന് മൈലിലധികം നീണ്ടു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ഹോട്ടലില്‍ 10,000 മുറികളാണ് ഉള്ളത്. 1936നും 1939നും ഇടയില്‍ നാസികള്‍ അവരുടെ ‘സ്‌ട്രെംഗ്ത് ത്രൂ ജോയ്’ പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു വലിയ കെട്ടിട സമുച്ചയമാണിത്. ജര്‍മ്മന്‍ തൊഴിലാളികള്‍ക്ക് ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ നല്‍കുക, നാസി പ്രചരണം എന്നിവയായിരുന്നു ലക്ഷ്യം. ഹിറ്റ്‌ലറുടെ വലിയൊരു സ്വപ്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ആളൊഴിഞ്ഞ ഒരു ഇടമാണ് ഈ ഹോട്ടലും പരിസര പ്രദേശങ്ങളും. 4.5 കിലോമീറ്റര്‍ നീളത്തിലും കടല്‍ത്തീരത്ത് നിന്ന് 150 മീറ്റര്‍ അകലെയുമുള്ള എട്ട് സമാന കെട്ടിടങ്ങളാണ് ഈ സമുച്ചയത്തിലുള്ളത്.

9,000 തൊഴിലാളികള്‍ ചേര്‍ന്ന് മൂന്ന് വര്‍ഷമെടുത്തു നിര്‍മിച്ചതാണ് ഈ കെട്ടിടം.1936ല്‍ ഈ കെട്ടിടത്തിന് രൂപകല്‍പ്പന നല്‍കുമ്പോള്‍ ഹിറ്റ്‌ലറിന്റെ മനസില്‍ ഉണ്ടായിരുന്നത് നാസികള്‍ക്കായി ഒരിടമൊരുക്കുക എന്നതായിരുന്നു. 20,000 കിടക്കകളുള്ള ഒരു കൂറ്റന്‍ കടല്‍ റിസോര്‍ട്ടായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എല്ലാകാലത്തും നിലനില്‍ക്കുന്ന ഏറ്റവും വലുതും ശക്തവുമായ ഒന്ന്.5 മുതല്‍ 2.5 മീറ്റര്‍ വരെ നീളമുള്ള ഓരോ മുറിയിലും രണ്ട് കിടക്കകളും ഒരു വാര്‍ഡ്രോബും സിങ്കും ഉണ്ടായിരിക്കണം. ഓരോ നിലയിലും ടോയ്ലറ്റുകളും ഷവറും ബോള്‍റൂമുകളും ഉണ്ടായിരുന്നു. നടുവില്‍, യുദ്ധമുണ്ടായാല്‍ സൈനിക ആശുപത്രിയാക്കി മാറ്റാന്‍ കഴിയുന്ന ഒരു വലിയ കെട്ടിടം പണിയണം. അങ്ങനെ നീളുന്നു, ഹിറ്റ്‌ലറിന്റെ സ്വപ്നങ്ങള്‍.

എന്നാല്‍ കെട്ടിടം പൂര്‍ത്തിയാകും മുന്‍പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടെ, ഹിറ്റ്‌ലറിന്റെ മുന്‍ഗണനകള്‍ മാറി. അദ്ദേഹം നിര്‍മാണ തൊഴിലാളികളെ വി-വെപ്പണ്‍സ് പ്ലാന്റ് നിര്‍മ്മിക്കാന്‍ അയച്ചു. യുദ്ധാവസാനത്തോടെ, ഈ കെട്ടിടങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. യുദ്ധശേഷം കിഴക്കന്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ സൈനിക ഔട്‌പോസ്റ്റായി ഇ ഹോട്ടല്‍ കെട്ടിടം ഉപയോഗിച്ചു. 1990ല്‍ ജര്‍മ്മന്‍ പുനസംഘടനയ്ക്കുശേഷം, ഒരു ഭാഗം ബണ്ടെസ്വെറിലെ മിലിട്ടറി ടെക്‌നിക്കല്‍ സ്‌കൂളായി പ്രവര്‍ത്തിച്ചു. മറ്റ് ഉപയോഗങ്ങള്‍ക്കായി പുനര്‍നിര്‍മ്മിച്ച കുറച്ച് കെട്ടിടങ്ങള്‍ ഒഴികെ ഇന്ന് ഈ സ്ഥലം മുഴുവനും വിജനമാണ്. 2011 ല്‍ ഒരു ബ്ലോക്ക് 400 കിടക്കകളുള്ള യൂത്ത് ഹോസ്റ്റലാക്കി മാറ്റി. ഇപ്പോള്‍ 300 കിടക്കകളുള്ള ഒരു ആധുനിക റിസോര്‍ട്ടാക്കി ഇവിടം മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചരിത്രത്തിന്റെ അവശേഷിപ്പുകളും ആരുടെയെങ്കിലും ഓര്‍മ്മകള്‍ നിറഞ്ഞ സ്ഥലങ്ങളുമെല്ലാം സ്മാരകങ്ങളായി മാറാറുണ്ട്.