സമൃദ്ധിയുടെ ഓര്‍മ്മപുതുക്കി ഇന്ന് തിരുവോണം ; വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാടും നഗരവും ആഘോഷത്തില്‍
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം മതിവരുവോളം ആഘോഷിച്ചു മലയാളികള്‍. പ്രളയവും അത് കഴിഞ്ഞു രണ്ട് വര്‍ഷം കോവിഡ് മഹാമാരിയുടെയും കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികള്‍ ഓണമാഘോഷിക്കും.
സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളം ആഘോഷമാക്കുകയാണ്. കേരളത്തില്‍ പല ജില്ലകളിലും മഴ ഭീഷണി ഉണ്ട് എങ്കിലും അതിനെയൊന്നും വകവെയ്ക്കാതെ ജനങ്ങള്‍ ഓണം കൊണ്ടാടുകയാണ്. ഓണാഘോഷങ്ങളുടെ മുഖ്യ വേദിയായ തിരുവനന്തപുരത്തു വമ്പന്‍ പരിപാടികള്‍ ആണ് മുക്കിനു മുക്കിനു അരങ്ങേറുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ പരിപാടികളെ കൂടാതെ ക്ലബുകളും റസിഡന്‍സ് അസോസിയേഷനുകളും നടത്തുന്ന പരിപാടികളും അനവധിയാണ്. ഇതൊക്കെ കാണുവാന്‍ ജനലക്ഷങ്ങള്‍ ആണ് നഗരത്തിലേക്ക് ഇരച്ചെത്തുന്നത്. മഴ മാറി നില്‍ക്കുന്നതും ആഘോഷങ്ങള്‍ അടിപൊളിയാക്കാന്‍ സഹായിക്കുന്നുണ്ട്.