ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി ; നാലംഗ കുടുംബം ജീവനൊടുക്കി

ആപ്പ് വഴിയുള്ള ലോണ്‍ എടുത്ത് പുലിവാല് പിടിച്ച മലയാളികള്‍ ഏറെയാണ് ഇപ്പോള്‍. കാശിനു അത്യാവശ്യം വരുമ്പോള്‍ എങ്ങനെയും ലോണ്‍ എടുക്കും. ഇത് തിരിച്ചടയ്ക്കുമ്പോള്‍ ആണ് പണി കിട്ടുന്നത്. എത്ര അടച്ചാലും കാശ് ചോദിച്ചു കൊണ്ട് ഈ ആപ്പ് ടീമുകള്‍ ശല്യപ്പെടുത്തിക്കൊണ്ടേ ഇരിക്കും. കൊടുത്തില്ല എങ്കില്‍ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കാശ് വാങ്ങുന്നത്. അത്തരത്തില്‍ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി വായ്പ എടുത്തത്. പെയിന്‍ങ് തൊഴിലാളിയാണ് ദുര്‍ഗ റാവു. ഭാര്യ രമ്യ ലക്ഷ്മി തയ്യല്‍ തൊഴിലാളിയും. മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും ഇരട്ടിച്ചു. പെയിന്റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും ചെയ്ത് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലോണ്‍ ആപ്പുകളില്‍ നിന്നും ലഭിച്ചു.

ചൊവ്വാഴ്ച ദുര്‍ഗറാവുവിന്റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്‌സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ ആന്ധ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണം തുടങ്ങി. ആര്‍ബിഐ ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് എതിരെ നടപടിക്ക് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ ആറ് മാസങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയെ തുടര്‍ന്നുള്ള നാലാമത്തെ ആത്മഹത്യയാണിത്.

രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നിയമവിധേയമായല്ലാതെ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി, ആപ്പ് സ്റ്റോറുകളില്‍ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.