അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു രണ്ടു പേര് മരിച്ചു ; രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യന്‍ . ചെറുകോല്‍ സ്വദേശി വിനീഷിന്റെ (37) എന്നിവരാണ് മരിച്ചത്. നാല് പേരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്‌സിനും പുറമെ സ്‌കൂബാ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്. ചെറുകോല്‍ മനാശെരില്‍ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തില്‍ രാഗേഷ്, എന്നിവര്‍ ഉള്‍പ്പെടെ 4 പേരെയാണ് അപകടത്തില്‍പെട്ടത്. മരിച്ച ആദിത്യന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അറുപത് തുഴച്ചിലുകാര്‍ കയറുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടമെന്നാണ് വിവരം. ഇതില്‍ അമ്പതിലേറെ ആളുകള്‍ ഉണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചില്‍കാര്‍ അല്ലാത്തവരും വഴിപാടായി വള്ളത്തില്‍ കയറിയിരുന്നു.അപകടം ചെങ്ങന്നൂര്‍ ആര്‍ഡിഒ അന്വേഷിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ശക്തമായ അടിയൊഴുക്കും കാറ്റുമാകാം പള്ളിയോടം മറിയാന്‍ കാരണമെന്നാണ് നിഗമനം. എംഎല്‍എമാരായ സജി ചെറിയാന്‍, രമേശ് ചെന്നിത്തല, എം എസ് അരുണ്‍ കുമാര്‍ എന്നിവര്‍ അപകടം നടന്നയുടന്‍ സ്ഥലത്തെത്തി.