രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിച്ചു. പാറശാലയില്‍ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി കൊണ്ടാണ് രാഹുല്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ചത്. പദയാത്രയില്‍ ശശി തരൂരും പങ്കെടുക്കുന്നുണ്ട്. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേര്‍ന്നു.

പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും നേതൃത്വത്തില്‍ നടന്ന് വരുന്നത്. വൈകിട്ട് നിംസ് ആശുപത്രി വളപ്പില്‍ ഗാന്ധിയന്മരായ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകിട്ട് യാത്ര നേമത്ത് സമാപിക്കും. 12 ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. കേരളത്തില്‍ 19 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 450 കിലോമീറ്റര്‍ സഞ്ചരിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹര്‍ ബാല്‍മഞ്ചിലെ വിദ്യാര്‍ത്ഥികളുമായും രാഹുല്‍ഗാന്ധി സംവദിക്കും.