ഓണം അടിച്ചു പൊളിച്ച ആകെ ചിലവ് 15000 കോടി , സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഓണാഘോഷം അടിപൊളി ആക്കിയപ്പോള്‍ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയില്‍ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാല്‍ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുതല്‍ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി രൂപ അധികം. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കാവുന്ന വെയ്‌സ് ആന്റ് മീല്‍സ് പരിധിയും തീര്‍ന്നാണ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്.

ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങല്‍ ശമ്പളം പെന്‍ഷന്‍ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകള്‍ക്ക് ഒഴികെ നിയന്ത്രണം വന്നേക്കും.സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോള്‍ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തില്‍. ഇക്കാര്യത്തില്‍ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് ധനക്കമ്മി നികത്തല്‍ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി.