കോട്ടയത്തു തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു ; നാട്ടുകാര്‍ വിഷം നല്‍കിയത് എന്ന് സംശയം
കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാര്‍ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.
മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റുവെന്നാണ്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. അതേസമയം കോട്ടയത്ത് നായകള്‍ കൂട്ടത്തോടെ ചത്തതില്‍ പ്രതിഷേധിച്ച് മൃഗസ്‌നേഹികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട നായകള്‍ എല്ലാം പേ പിടിച്ചവയല്ലെന്നാണ് തെരുവ് നായകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്ത്യ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സമൂഹത്തില്‍ മോശമായ രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളാണ് കാരണമാകുന്നത് എന്ന് സംഘടനയുടെ കോഡിനേറ്റര്‍ അമ്മു സുധി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നിലവില്‍ രാജ്യത്ത് ഒരു നിയമമുണ്ട്, അതിന് അനുസരിച്ചുള്ള കാര്യങ്ങളാണ് തെരുവ് നായ ശല്യം ഒഴിവാക്കാന്‍ ചെയ്യേണ്ടത് എന്നാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് പറയുന്നത്. നായകളെ വന്ധീകരിക്കാനുള്ള പദ്ധതി മികച്ചതാണ് അത് കേരളത്തില്‍ നടപ്പിലാക്കിയത് പാളിപ്പോയി. അതിന്റെ നടത്തിപ്പിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് വാങ്ങിയ സംഘടന കൂടിയാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ്. ശാസ്ത്രീയമായി വെറ്റിനറി ഡോക്ടര്‍മാരെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കണം എന്നാണ് ഇവരുടെ ആവശ്യം.