പിറന്നാള്‍ദിനത്തില്‍ സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ മലയാളിയായ നാലുവയസുകാരിക്ക് ദാരുണമായ അന്ത്യം

ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് പിറന്നാള്‍ ദിനത്തില്‍ തന്നെ മരിച്ചത്. ബസിനുള്ളിലെ കടുത്ത ചൂടാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ജീവനക്കാര്‍ ബസിന്റെ വാതിലുകള്‍ ലോക്ക് ചെയ്തതാണ് കുഞ്ഞു മറിയത്തിന്റെ ജീവനെടുത്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്കുചെയ്യുകയായിരുന്നു. മറ്റു കുട്ടികളെയെല്ലാം ഇറക്കിയെങ്കിലും സീറ്റിലേക്ക് ചാഞ്ഞിരുന്ന് ഉറങ്ങിപ്പോയ മിന്‍സയെ ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ല.

ഉച്ചയോടെ കുട്ടികളെ തിരികെകൊണ്ടുപോകാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ ഡ്രൈവറാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി വിദ്യാര്‍ഥിനിയാണ് മിന്‍സ. നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയുടെ ദാരുണമായ അന്ത്യമുണ്ടായത്. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്ബില്‍ വീട്ടില്‍ അഭിലാഷ് ചാക്കോ. നിലവില്‍ ഖത്തര്‍ ലോകകപ്പിനുവേണ്ടിയുള്ള ജോലികളാണ് അഭിലാഷ് ചെയ്തിരുന്നത്. മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. ആശുപത്രിയിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.