MDMA കടത്ത് ; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൈകുഞ്ഞും ; ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികള്‍ പിടിയില്‍

കുഞ്ഞുങ്ങള്‍ക്കൊപ്പം പോകുമ്പോള്‍ സംശയിക്കില്ല എന്ന ബലത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികള്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷ് അറസ്റ്റ് ചെയ്തത് .

കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി ബൈക്കില്‍ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവര്‍ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്ലാമുദ്ധീന്‍, ഷിഫ്‌ന എന്നിവര്‍ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീന്‍ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പില്‍ ബൈക്കില്‍ വന്നപ്പോള്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നിലമ്പൂര്‍ താലൂക്കില്‍ വഴിക്കടവ് എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം ടി. ഷിജുമോനും സംഘവും,മലപ്പുറം ഇ ഐ ആന്‍ഡ് ഐ ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, നിലമ്പൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് എം ഡി എം എ പിടികൂടിയത്.എം ഡി എം എ കടത്തികൊണ്ടുവരുവാന്‍ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്‌കൂട്ടര്‍ മുതലായ വാഹനങ്ങളും തൊണ്ടി പണമായ 1,550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. MDMA മൂന്ന് പേരുടെ കൈവശവും ഉണ്ടായിരുന്നു. ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവര്‍ക്ക് ബാക്കി ഉള്ളത് വില്പന നടത്താന്‍ കഴിയും എന്ന കണക്ക് കൂട്ടലിലാണ് ഇത്തരത്തില്‍ മൂന്നായി ഭാഗിക്കാന്‍ കാരണം.