ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ അടിച്ചു കൊന്നു

ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ് ആള്‍ക്കൂട്ടം ഇസ്ഹര്‍ എന്ന 19 വയസുകാരനെ കൊലപ്പെടുത്തിയത്. ഷഹ്സാദ ബാഗിലെ തെരുവില്‍ ഒരു മൃതദേഹം കിടക്കുന്നതിനെക്കുറിച്ച് സരായ് റോഹില്ല സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹത്തിലാകെ മുറിവുകളുള്ളതായി കണ്ടെത്തി. കൊല്ലപ്പെട്ട യുവാവിന്റെ തലമുടിയും വെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലം പരിശോധിച്ച ശേഷം മൃതദേഹം സബ്സി മാണ്ഡി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.

സംഭവസ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് ആള്‍ക്കൂട്ടം 19 വയസുകാരനെ ക്രൂരമായി മര്‍ദിച്ചതായി കണ്ടെത്തിയത്. പുലര്‍ച്ചെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ ചിലര്‍ മര്‍ദിച്ച് തുടങ്ങുന്നതും കണ്ടുനിന്ന ചിലര്‍ കൂടി മര്‍ദിക്കാനായി ഒപ്പം ചേര്‍ന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രതികള്‍ ഇയാളുടെ തലമുടി കത്രിക ഉപയോഗിച്ച് വെട്ടിനീക്കുന്നതായും വിഡിയോയിലുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.