ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി നാളെ തന്നെ സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. ചൊവ്വാഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് നാളെ ഹര്‍ജി പരിഗണിക്കില്ലെന്ന് വാര്‍ത്തകള്‍ വന്നത്. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്നായിരുന്നു പുതിയതായി വന്ന വാര്‍ത്തകള്‍.

നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ലാവ്‌ലിന് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. 2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി വന്നത്. കേസിലെ പ്രതികളായ കെഎസ്ഇബി ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി രംഗ അയ്യര്‍, കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെംബര്‍ കെ ജി രാജശേഖരന്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19 ന് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.