വലിച്ചു കയറ്റി റോഡില്‍ കിറുങ്ങി വീണു ; യുവതിയുടെ വീഡിയോ വൈറല്‍ , നടപടിയെടുത്ത് പൊലീസ്

ഉള്ളതെല്ലാം വലിച്ചു കയറ്റി നടക്കുവാന്‍ പോലുമാകാതെ വഴിയില്‍ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ വൈറല്‍. പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോ?ഗത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ് വീഡിയോയെന്ന് അഭിപ്രായമുയരുന്നുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ലഹരിമുക്തി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. അമൃത്സര്‍ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ മഖ്ബൂല്‍പുര മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റോഡില്‍ നിന്ന് ബുദ്ധിമുട്ടുകയാണ് യുവതി. നടക്കാനോ ഇരിക്കാനോ ഒന്നുമാകാതെ കുഴഞ്ഞുവീണേക്കുമെന്ന അവസ്ഥയിലാണ് യുവതിയെ ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ലഹരി ഉപയോഗത്തിന് കുപ്രസിദ്ധി കേട്ട ഇടമാണ് മഖ്ബൂല്‍പുര. പൊലീസിന്റെ നേതൃത്വത്തിലുള്ള ലഹരിമുക്ത പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ പരാജയപ്പെടുകയാണ് പതിവ്. യുവതിയുടെ വീഡിയോ പ്രചരിച്ചതോടെ മഖ്ബൂല്‍പുര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. മൂന്നു പേരില്‍ നിന്നായി നിരവധി ലഹരി ഉല്പന്നങ്ങളും കണ്ടെത്തി. വേറെ വേറെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ചതാണെന്ന സംശയത്തില്‍ അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.