ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി ; മാറ്റി വെക്കുന്നത് 31 ആം തവണ
പ്രതീക്ഷിച്ച പോലെ തന്നെ എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നാലു വര്‍ഷത്തിനിടെ 31ാ തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ലാവലിന്‍ കേസ് പരിഗണിക്കുന്നത് നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഹര്‍ജി നിരന്തരം മാറി പോകുന്നുവെന്ന് കക്ഷി ചേര്‍ന്ന ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്, ഇനി മാറ്റരുതെന്ന കര്‍ശന നിര്‍ദേശം സുപ്രീംകോടതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ബഞ്ചില്‍ തുടരുകയാണ്. ഭരണഘടനാ ബഞ്ചിലെ നടപടികള്‍ ഇന്നത്തേക്ക് പൂര്‍ത്തിയായാലേ മറ്റു ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി വന്നത്.
കേസിലെ പ്രതികളായ കെഎസ്ഇബി ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി രംഗ അയ്യര്‍, കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെംബര്‍ കെ ജി രാജശേഖരന്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19 ന് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തല്‍. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.