രാജ്യത്ത് കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച വില വിവര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയപ്പോള്‍ 26 മരുന്നുകളെ ഒഴിവാക്കി. നാല് കാന്‍സര്‍ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. കാന്‍സര്‍ ചികിത്സക്കുള്ള മൂന്ന് മരുന്നുകളും രണ്ട് ആന്റി ഫങ്കല്‍ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും.
അതേ സമയം, കേരളത്തില്‍ പേവിഷത്തിനെതിരായ വാക്‌സിന്‍ സ്വീകരിച്ച ശേഷവും മരണം സംഭവിച്ച വിഷയത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്രം അറിയിച്ചു. വാക്‌സീന്റെ ഗുണനിലവാരം ഡിസിജിഐ പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കേരളത്തിന്റെ ആശങ്കയറിയിച്ച് കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.