ജീവിച്ചിരിക്കുന്നതില്‍ 150 ല്‍ ഒരാള്‍ അടിമ ; ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു

പുരോഗമനപരമായ പാതയിലാണ് ലോകത്തിന്റെ സഞ്ചാരം എന്നാണ് അവകാശം എങ്കിലും പഴയ പല അനാചാരങ്ങളും പുതിയ രൂപത്തില്‍ ലോകത്തില്‍ തിരികെ എത്തുന്നു എന്ന് റിപ്പോര്‍ട്ട്. ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയും സായുധ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം ലോകമെങ്ങും ആധുനിക അടിമത്തം ശക്തി പ്രാപിക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അഞ്ച് കോടി മനുഷ്യരോ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന 150 പേരില്‍ ഒരാള്‍ എന്ന കണക്കിലോ ലോകത്ത് നിര്‍ബന്ധിത തൊഴിലിലോ അല്ലെങ്കില്‍ നിര്‍ബന്ധിത വിവാഹബന്ധങ്ങള്‍ തീര്‍ത്ത അടിമത്തത്തിലോ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് വ്യാപനം ലോകത്ത് അടിമത്തത്തിന്റെ വര്‍ദ്ധനവിന് കാരണമായി. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളോളും അടച്ചിടലിലേക്ക് പോയതോടെ ആളുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇത് കൂടുതല്‍ കൂടുതല്‍ കടത്തിലേക്കാണ് വ്യക്തികളെ കൊണ്ടെത്തിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് നിര്‍ബന്ധിത ജോലിയിലേക്കും മനുഷ്യരെ കൊണ്ടെത്തിച്ചു. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം ഒരു കോടിയുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. സംഖ്യാകണക്കുകളിലെ വര്‍ദ്ധന തെട്ടിപ്പിക്കുന്നതാണെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. എന്നാല്‍ പഴയ കാലത്തെ പോലെ മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രമല്ല ഇന്ന് അടിമത്തമുള്ളത്. ദരിദ്ര രാജ്യങ്ങളെ പോലെ തന്നെ സമ്പന്ന രാജ്യങ്ങളിലും അടിമത്തം ശക്തമായി വേരാഴ്ത്തിക്കഴിഞ്ഞു. നിര്‍ബന്ധിത തൊഴിലാളികളില്‍ പകുതിയിലേറെയും നടക്കുന്നത് സമ്പന്ന രാജ്യങ്ങളിലെ ഉയര്‍ന്ന ഇടത്തരം അല്ലെങ്കില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലാണെന്നും യുഎന്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോലി സ്ഥലത്തെ നിര്‍ബന്ധിത അധ്വാനത്തെ പോലെ തന്നെ നിര്‍ബന്ധിത വിവാഹം പോലും ആധുനിക അടിമത്തമായി ഇന്ന് കണക്കാക്കപ്പെടുന്നു. ‘ഭീഷണി, അക്രമം, വഞ്ചന, അധികാര ദുര്‍വിനിയോഗം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ബലപ്രയോഗം എന്നിവ കാരണം’ വ്യക്തിക്ക് നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും വിട്ട് പോകാന്‍ കഴിയാന്‍ പറ്റാത്ത തരത്തിലുള്ള എല്ലാത്തരം സാഹചര്യങ്ങളും ഇന്ന് ‘അടിമത്വം’ എന്ന പ്രയോഗത്തിന് കീഴില്‍ വരുന്നു. ലോകത്ത് 33 ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 2 കോടി 76 ലക്ഷം ആളുകള്‍ നിര്‍ബന്ധിത ജോലിയിലാണ്. ഇതില്‍ കൂട്ടികളില്‍ ഏറിയ പങ്കും വാണിജ്യപരമായ ലൈംഗികചൂഷണത്തിന്റെ പിടിയിലാണെന്നും യുഎന്നിന്റെ കണക്കുകള്‍ പറയുന്നു. വേറൊരു 22 ലക്ഷം ആളുകള്‍ നിര്‍ബന്ധിത വിവാഹങ്ങളില്‍പ്പെട്ട് കിടക്കുകയാണ്. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണെന്നും ഇവരുടെ വിവാഹം നടക്കുമ്പോള്‍ ഇരകളില്‍ പലര്‍ക്കും 15 വയസിന് താഴെയാണ് പ്രായമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആധുനിക അടിമത്തത്തിന്റെ 71 ശതമാനവും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. അതുപോലെ തന്നെ 25 ശതമാനത്തോളമാണ് കുട്ടികള്‍. ലോകത്ത് സങ്കീര്‍ണ്ണമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന തൊഴില്‍ മേഖലയില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും ദാരിദ്രം വര്‍ദ്ധിക്കുന്നത് അടിമത്തത്തിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മഹാമാരിയുടെ വരവോടെ 20 വര്‍ഷത്തിനിടെ ആദ്യമായി ‘തീവ്രമായ ആഗോള ദാരിദ്ര്യം’ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ലോകത്തെ എത്തിച്ചതായും യുഎന്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ അവസാനിക്കാത്ത യുദ്ധങ്ങളും സായുധ സംഘട്ടനങ്ങളും ലോകത്തെ അതിഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കൊണ്ടുപോകുന്നത്.

യുദ്ധവും സായുധ സംഘട്ടനങ്ങളും സ്ഥിരമായ പ്രദേശങ്ങളില്‍ കുട്ടികളെ നിര്‍ബന്ധിത സൈനിക സേവനത്തിനോ അല്ലെങ്കില്‍ മറ്റ് ജോലികളിലേക്കോ തള്ളിവിടുന്നു. ഇത്തരം പ്രദേശങ്ങളില്‍ ദാരിദ്രം ശക്തമാകുമ്പോള്‍ കുട്ടികള്‍ പലപ്പോഴും അടിമ വേലയ്ക്ക് നിര്‍ബന്ധിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും അടിമത്തം വളര്‍ത്തുന്നതില്‍ കാര്യമായ പങ്കവഹിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ജന്മനാട് ഉപേക്ഷിച്ച് കുടിയേറ്റക്കാരായി മാറാന്‍ നിര്‍ബന്ധിതരാകുന്നവര്‍ കുടിയേറുന്ന പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യത്തോട് മല്ലിട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് കുടിയേറുന്ന പ്രദേശത്തിന്റെ സാമൂഹികാവസ്ഥയെ അടിസ്ഥാനമാക്കി കുടിയേറ്റക്കാരെ സാമ്പത്തിക / സാമൂഹിക അടിമത്തത്തിലേക്ക് തള്ളിവിടുന്നതായും പഠനം പറയുന്നു. അതോടൊപ്പം പ്രശ്നപരിഹാരത്തിന് വിഭവ ശേഖരണത്തിനും അന്താരാഷ്ട്ര ശ്രമത്തിനും മുന്‍കൈയേടുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.