സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ല ; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു എന്ന് അദാനി ഗ്രൂപ്പ്
പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മ്മാണത്തിന് ഹൈക്കോടതി അനുവദിച്ച പൊലീസ് സുരക്ഷ നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പരാതി. അതിനാല്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് കോടതിയോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. വിഴിഞ്ഞം പദ്ധതി തടസപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും തുറമുഖ നിര്‍മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ സുരക്ഷ ഒരുക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ലെന്ന് അദാനി ഗ്രൂപ്പ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് തുറമുഖ നിര്‍മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. അക്കാര്യത്തില്‍ സംശയമില്ല. സമാധാനപരമായി സമരം നടത്തണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്നും സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.