അട്ടപ്പാടി മധു കേസ് ; കൂറുമാറുന്നവര്‍ തുടര്‍കഥ ; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി

അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നത് തുടര്‍കഥയാകുന്നു. ഇന്ന് കേസില്‍ ഒരാള്‍ കൂടി കൂറുമാറി. ഇരുപത്തിയൊമ്പതാം സാക്ഷി സുനില്‍കുമാറാണ് കൂറുമാറിയത്. മധുവിനെ വനത്തില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാള്‍ നേരത്തേ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇക്കാര്യം വിസ്താര വേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം പതിനഞ്ചായി. ഇന്നലെ ഇറുപത്തിയേഴാം സാക്ഷി സൈതലവിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നായിരുന്നു സൈതലവി കോടതിയില്‍ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതില്‍ ആറു പേര്‍ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. കേസിലാകെ 122 സാക്ഷികളാണ് ഉള്ളത്.

അതേസമയം, കൂറുമാറിയ സുനില്‍കുമാറിന്റെ കണ്ണ് പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വീഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍കുമാറിനെയും കാണാം. എന്നാല്‍ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടര്‍ന്നാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. അട്ടപ്പാടി മധു കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ ഹൈക്കോടതി ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.