കുവൈറ്റില്‍ മരുഭൂമിയില്‍ ആടുമേയ്ക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച തമിഴ് യുവാവിനെ തൊഴിലുടമ വെടിവച്ച് കൊന്നു

തമിഴ്‌നാട് തിരുവാരൂര്‍ കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരന്‍ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുജോലിക്ക് എന്ന പേരില്‍ കുവൈറ്റില്‍ എത്തിച്ച് നാലാം ദിവസമാണ് യുവാവ് കൊല്ലപ്പെട്ടത്. ആടുമേയ്ക്കല്‍ ജോലി നല്‍കി റിക്രൂട്‌മെന്റ് ഏജന്‍സി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ മുത്തുകുമാരന്‍ ശ്രമിച്ചതോടെയാണ് തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് മര്‍ദിക്കുകയും തുടര്‍ന്ന് എയര്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അല്‍ അഹ്മദിലെ മരുഭൂമിയിലെ മസ്‌റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാര്‍പ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ സ്ഥാപനമാണ് ഭര്‍ത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നല്‍കി. 3-ാം തീയതി കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതല്‍ ഫോണില്‍ കിട്ടുന്നില്ലായിരുന്നു. 9-ാം തീയതിയാണ് മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ അറിഞ്ഞത്. രണ്ട് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട മുത്തുകുമാരന്‍. അതേസമയം തൊഴിലുടമയ്ക്ക് എതിരെ പോലീസ് കേസെടുത്തതായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് യുവാവിന്റെ കുടുംബം പറയുന്നത്. വീട്ടുജോലിക്ക് എന്ന പേരിലാണ് ഏജന്‍സി ഇയാളെ കൊണ്ട് പോയത്. ഇതിനായി നല്ലൊരു തുക ഏജന്‍സി കൈപറ്റിയതായും ഭാര്യ പറയുന്നു.