മൊബൈല്‍ റീചാര്‍ജ്ജ് വര്‍ഷത്തില്‍ ഇനി 12 എണ്ണം മതിയാകും ; പുതിയ പ്ലാനുകള്‍ നിലവില്‍

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. 28 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ ഇനിയുണ്ടാകില്ല . ഒരു മാസം എന്നാല്‍ ടെലികോം കമ്പനികളുടെ ഡയറികളിലും ഇനി 30 ദിവസം തന്നെയായിരിക്കും. 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍ രംഗത്തെത്തി. ഇതൊടൊപ്പം ഒരേ ദിവസം തന്നെ പുതുക്കാന് സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു. ഒരു മാസത്തെ പ്ലാന്‍ എന്ന നിലയില്‍ 28 ദിവസത്തെ പ്ലാനാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ചിലപ്പോള്‍ ഒക്കെ 24 ദിവസ പ്ലാനുകളും ഉണ്ട്. ഇത്തരത്തിര്‍ 13 തവണ ഒരു വര്‍ഷം റീചാര്‍ജ് ചെയ്യേണ്ടി വരും. ഇത് കമ്പനിയ്ക്ക് അധികം ലാഭം നേടിക്കൊടുക്കും. ഇതിന് എതിരെ നേരത്തെ ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് കമ്പനി പുതിയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുന്നത്.

30 ദിവസവും, 31 ദിവസവും മാറി മാറി വരുന്ന മാസങ്ങളില്‍ ഒരേ തീയ്യതി നിശ്ചയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഫെബ്രുവരിയില്‍ 28 ദിവസങ്ങളും 29 ദിവസങ്ങളും വരാറുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്നം പരിഹരിക്കാനായി എല്ലാ മാസവും അവസാന ദിവസം പുതുക്കാന്‍ സാധിക്കുന്ന പ്ലാനുകള്‍ വേണമെന്നാണ് ട്രായിയുടെ നിര്‍ദേശം. കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍ (പിവി), ഒരു പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി), ഒരു കോംബോ വൗച്ചര്‍ (സിവി) എന്നിവയെങ്കിലും ചെയ്യണമെന്ന തങ്ങളുടെ നിര്‍ദേശം എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരും പാലിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാനാവുന്ന 30 ദിവസത്തെ വൗച്ചറുകള്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ വെബ്സൈറ്റുകളില്‍ ലഭ്യമാണെന്നും ഉപഭോക്താക്കള്‍ക്ക് അവ സബ്സ്‌ക്രൈബ് ചെയ്യാമെന്നും റഗുലേറ്റര്‍ പറഞ്ഞു.

ജനുവരിയിലാണ് ട്രായ് ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതികള്‍ വരുത്തിയത്. ഓപ്പറേറ്റര്‍മാര്‍ 30 ദിവസത്തെ വൗച്ചറുകളും പ്രതിമാസം പുതുക്കാവുന്ന പ്രീപെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി മുതല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് പോസ്റ്റ്‌പെയ്ഡ് പോലെയുള്ള ബില്ലിംഗ് സൈക്കിളുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ട്രായ് ഓര്‍ഡര്‍ ലഭിക്കുന്നതിന് മുന്‍പ് ടെലികോം കമ്പനികള്‍ 28/56/84 ദിവസം സാധുതയുള്ള പ്രീപെയ്ഡ് താരിഫ് പാക്കുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.