വഴിത്തര്‍ക്കത്തിനിടെ കൊലപാതകം ; ആലപ്പുഴയില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ : മാവേലിക്കരയില്‍ വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചുനക്കര സ്വദേശി ദിലീപ് ഖാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട ദിലീപ് ഖാനും കസ്റ്റഡിയിലുള്ള യാക്കൂബും സുബൈദയും തമ്മില്‍ ഏറെക്കാലമായി വഴിത്തര്‍ക്കം നിലനിന്നിരുന്നു.
ഇന്ന് ദിലീപ് ഖാന്റെ വഴിയിലൂടെ യാക്കൂബിന്റെയും സുബൈദയുടെയും ആവശ്യത്തിനായി ഒരു ഓട്ടോറിക്ഷ എത്തി. ഓട്ടോ തന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് ദിലീപ് ഖാന്‍ നിലപാടെടുത്തു. ഇതോടെ മൂവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സുബൈദയും യാക്കൂബും ചേര്‍ന്ന് ദിലീപ് ഖാനെ കല്ലുപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദിലീപ് ഖാന്റെ ബന്ധുക്കള്‍ മൊഴിനല്‍കിയിരിക്കുന്നത്. ദിലീപ് ഖാന്റെ മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.