അട്ടപ്പാടി മധു കൊലപാതകം ; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി

അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസില്‍ ഇന്ന് നാല് സാക്ഷികള്‍ കൂടി കൂറുമാറി. ഇന്ന് വിസ്തരിച്ച നാല് പേരാണ് കൂറുമാറിയത്. ക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠന്‍, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം 20 ആയി. വിസ്താരം നാളെയും തുടരും. നാടകീയ സംഭവങ്ങളാണ് വിചാരണ കോടതിയില്‍ വിസ്താരത്തിനിടെ ഇന്ന് അരങ്ങേറിയത്. ഇന്നലെ കോടതിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയെ ഇന്നും വിസ്തരിച്ചു. കാഴ്ചശക്തി പരിശോധനക്ക് ശേഷം വീണ്ടും വിസ്തരിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മധുവിനെ പ്രതികള്‍ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തില്‍ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവര്‍ത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയില്‍ ഇയാള്‍ക്ക് കാഴ്ച്ചാ പരിമിതിയില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും വിസ്തരിക്കാന്‍ ഉത്തരവിട്ടത്. വിചാരണക്കോടതി വീണ്ടും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആദ്യം നിഷേധിച്ച സുനില്‍ കുമാര്‍ ദൃശ്യങ്ങളിലുള്ളത് താനാണെന്ന് പിന്നീട് സമ്മതിച്ചു. സാക്ഷിക്കെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി നാളെ പരിഗണിക്കും.

കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനില്‍കുമാര്‍. കൂറുമാറിയതോടെ ഇയാള ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സൈലന്റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താല്‍കാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. നേരത്തെ, മൊഴി മാറ്റിയ വാച്ചര്‍മാരായ അനില്‍ കുമാര്‍, കാളിമൂപ്പന്‍, അബ്ദു റസാഖ് എന്നിവരെ സര്‍വീസില്‍ പിരിച്ചു വിട്ടിരുന്നു. കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപു ഇന്നലെ കൂറുമാറിയിരുന്നു. ഇരുപത്തിയൊന്നാം സാക്ഷി വീരന്‍, ഇരുപതാം സാക്ഷി മരുതന്‍, പതിനഞ്ചാം സാക്ഷി മെഹറുന്നീസ തുടങ്ങിയവര്‍ നേരത്തേ കൂറുമാറിയിരുന്നു.