70 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിലേക്ക് ചീറ്റ പുലി എത്തുന്നു ; പുലികള്‍ എത്തുന്നത് സെപ്തംബര്‍ 17 നു
രാജ്യത്തു നിന്നും വംശമറ്റു പോയ ചീറ്റ പുലികള്‍ വീണ്ടും തിരികെ എത്തുന്നു. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 17 നാണ് അഞ്ച് പെണ് ചീറ്റകളെയും മൂന്ന് ആണ് ചീറ്റകളെയും ഇന്ത്യയിലെത്തിക്കുന്നത്. ഇതിനായി യാത്രയ്ക്കുപയോഗിക്കുന്ന ബി747 ജംബോ ജെറ്റ്, ചീറ്റകളെ കൊണ്ടുവരാവുന്ന രീതിയില്‍ ആക്കി മാറ്റിയിട്ടുണ്ട്. ജയ്പൂരില്‍ വിമാനമിറങ്ങുന്ന ഇവയെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടും.
16 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ദീര്‍ഘദൂര വിമാനമാണ് ഈ ജംബോ ജെറ്റ്. ഇന്ധനം നിറയ്ക്കാന്‍ പോലും ഇടയ്ക്ക് എവിടെയും നിര്‍ത്തേണ്ട കാര്യമില്ല. അതിനാല്‍ ഇത് നമീബിയയില്‍ നിന്ന് പുറപ്പെട്ട് നേരെ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങും. ചീറ്റകളുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. ഇന്ത്യയില്‍ നിന്നും നമീബിയയില്‍ നിന്നുമുള്ള എട്ട് ഉദ്യോഗസ്ഥരാണ് യാത്രയുടെ നേതൃത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 17 ന് രാവിലെ വിമാനം ജയ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്ന് മധ്യപ്രദേശിലേക്ക് ചീറ്റകളെ ഹെലികോപ്ടറിലാണ് കൊണ്ടുപോകുക. ഈ യാത്രയ്ക്ക് ഒരു മണിക്കൂറോളം സമയമെടുക്കും.
ചൂട് ഏറ്റവും കുറഞ്ഞ സമയത്താണ് ചീറ്റകള്‍ വിമാന യാത്ര ചെയ്യുന്നത് എന്നുറപ്പാക്കാനാണ് രാത്രിയിലുള്ള യാത്ര തിരഞ്ഞെടുത്തതെന്ന് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകത്ത് ആദ്യമായി ആഫ്രിക്കന്‍ ചീറ്റയെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്ന ആദ്യത്തെ സംഭവമാണിത്. പുതിയതായെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ കുനോയില്‍ തകൃതിയായി നടന്നുവരികയാണ്. ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. പരമാവധി മൃഗങ്ങളെ ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. ചീറ്റകള്‍ എത്തിക്കഴിഞ്ഞാല്‍ അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവയെ തുറന്നുവിടും.
ആദ്യത്തെ 30 ദിവസമെങ്കിലും ഇവയെ പരിമിതമായ ഭൂവിഭാഗത്തിലാണ് സ്വതന്ത്രമാക്കി വിടുക. ഇതിനായി 6 കിലോമീറ്റര്‍ പരിധിയില്‍ മറ്റു മാംസഭുക്കുകളില്ലാത്ത രണ്ട് മേഖലകള്‍ കുനോയില്‍ തയ്യാറാക്കിയിട്ടുണ്ട്. ഒന്‍പത് പ്രത്യേക കമ്പാര്‍ട്ട്മെന്റുകളില്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.പൂര്‍ണ്ണമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി ചീറ്റകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കും. ഇവയെ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യും. പരിമിതമായ സൗകര്യത്തില്‍ നിന്ന് പുറത്തുകടന്നാലും ഇവയ്ക്ക് വേട്ടയാടാന്‍ കഴിയും എന്നുറപ്പാക്കാന്‍ വേണ്ടിയാണിത്. ചീറ്റകള്‍ക്ക് ഇതിനകം തന്നെ വാക്സിനേഷന് നല്‍കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുന്‍പ് ഒന്നുകൂടി അവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പടര്‍ന്നുപിടിക്കുന്ന ചില കാട്ടുസസ്യങ്ങള്‍ ചീറ്റകളുടെ സംരക്ഷണത്തിനായി നീക്കം ചെയ്തിട്ടുണ്ട്. മറ്റു മൃഗങ്ങളുടെ ചലനവും ഇതോടൊപ്പം നിരീക്ഷിക്കും. ചീറ്റകളുടെ പൊതു ഇരകളായ സാംബാര്‍ മാനുകള്‍, നീല്‍ഗായ്, ചിതാല്‍, കാട്ടുപന്നി, ചൗസിംഘ തുടങ്ങിയവയെല്ലാം ഈ കാട്ടില്‍ ധാരാളമുണ്ട്.
അമേരിക്ക ആസ്ഥാനമായുള്ള എക്സ്പ്ലോറേഴ്സ് ക്ലബ് ‘ഫ്ലാഗ്ഡ് എക്സ്പെഡിഷന്’ എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ ഏവിയേഷന്റെ ചെയര്‍മാനായ ക്യാപ്റ്റന്‍ ഹമീഷ് ഹാര്‍ഡിംഗ്, ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോക്ടര്‍ ലോറീ മാര്‍ക്കര്‍ എന്നിവരാണ് ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രേഖപ്പെടുത്തും. 2009-ല്‍ പദ്ധതിയിട്ട പ്രൊജക്ട് ചീറ്റയ്ക്ക് 2020-ലാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പൈലറ്റ് അടിസ്ഥാനത്തില്‍ ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവന്ന് വളര്‍ത്താനായിരുന്നു പദ്ധതി. ഇതിനായി ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയും നമീബിയയും തമ്മില്‍ ധാരണയായി. ചീറ്റകളെ പുതുതായി കൊണ്ടുവരുന്നത് കുനോയിലെ ടൂറിസത്തിനും ഗുണകരമാകുമെന്ന് അധികൃതര്‍ കരുതുന്നു.
ഒരുകാലത്തു നമ്മുടെ നാട്ടില്‍ ഏറെ ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു ചീറ്റ. മുഖ്യമായും രണ്ടിനം ചീറ്റകള്‍ ആണ് ലോകത്ത് ഉള്ളത്. ആഫ്രിക്കന്‍ പിന്നെ ഏഷ്യന്‍ . ഇതില്‍ ഏഷ്യന്‍ വിഭാഗമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ചീറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് എന്ന് പറയപ്പെടുന്നു. മനുഷ്യസാമീപ്യമുള്ള സ്ഥലങ്ങളിലേക്കെത്തുന്നു എന്ന കാരണം പറഞ്ഞ് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇവയെ കൊന്നത്. ഇതോടൊപ്പം ആവാസസ്ഥലങ്ങളുടെ നശീകരണവും കൃഷ്ണമൃഗം, കലമാന്‍, ചെവിയന്‍ തുടങ്ങിയ ഇരകളുടെ വംശനാശവും ചീറ്റയുടെ നിലനില്‍പ്പിനെ ബാധിച്ചു. 1947ല്‍ ഇന്നത്തെ ഛത്തീസ്ഗഢില്‍പ്പെടുന്ന ഒരു നാട്ടുരാജ്യത്തെ രാജാവായ മഹാരാജ രാമാനുജ് പ്രതാപ് സിങ് ഇന്ത്യയില്‍ ശേഷിച്ച അവസാനത്തെ മൂന്നു ചീറ്റപ്പുലികളെ വെടിവെച്ചുകൊന്നു. അതോടെ ചീറ്റ ഭാരതത്തില്‍ വംശമറ്റതായി 1952ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍പ്രഖ്യാപിച്ചു.
തുടര്‍ന്ന് വര്‍ഷങ്ങളുടെ പ്രയത്നഫലമായാണ് ചീറ്റ വീണ്ടും രാജ്യത്ത് എത്തുന്നത്. ഇന്ത്യയില്‍ പണ്ടുതൊട്ടേ ഇവയുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. ബി.സി.ഇ. 200ല്‍ ഇന്ത്യയില്‍വെച്ച് ചീറ്റയെ കണ്ടതായി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. മുഗള്‍കാലഘട്ടത്തില്‍ ഇവയെ വളര്‍ത്തുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വനങ്ങളില്‍ ഏതാണ്ട് 10,000 ചീറ്റകള്‍ അക്കാലത്തുണ്ടായിരുന്നു. അക്ബര്‍ ചക്രവര്‍ത്തി 1000ഓളം ചീറ്റപ്പുലികളെ വളര്‍ത്തുകയും മറ്റു ജീവികളെ വേട്ടയാടാന്‍ അവയെ ഉപയോഗിക്കുകയും ചെയ്തു. സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ (1813-1846) ഭരണകാലത്ത് തിരുവന്തപുരത്തെ കുതിരലായത്തോട് അനുബന്ധിച്ച് ഒരു വന്യമൃഗശാല ഉണ്ടായിരുന്നെന്നും ഇവിടെ തിരുവിതാംകൂര്‍ കാടുകളില്‍നിന്നും പിടിച്ച ചീറ്റ, കടുവ, പുലി തുടങ്ങിയ മൃഗങ്ങളെ പാര്‍പ്പിച്ചിരുന്നുവെന്നും ‘A History of Travancore from the Earliest Times’ എന്ന ഗ്രന്ഥത്തില്‍ പി. ശങ്കുണ്ണിമേനോന്‍ എഴുതിയിരിക്കുന്നു. ചീറ്റ അക്കാലത്ത് ഇന്ത്യയില്‍ അപൂര്‍വമല്ലാത്ത ജീവിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ അനുമാനിക്കാം.