ലോകത്തെ അതിസമ്പന്നരില്‍ രണ്ടാമനായി ഗൗതം അദാനി

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നു ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി ഇപ്പോള്‍. 2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികള്‍. 92.2 ബില്യണ് ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ബില്‍ ഗേറ്റ്സ്, ലാറി എലിസണ്‍, വാറന്‍ ബഫറ്റ്, ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് ശതകോടീശ്വരന്മാര്‍. ഗുജറാത്തിലെ ഒരു സാധാരണ വ്യവസായിയില്‍ നിന്നും ലോക സമ്പന്നനായ അദാനിയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. അദാനിയുടെ മുന്നേറ്റത്തില്‍ കാലിടറിയത് മുകേഷ് അംബാനിക്കാണ്.