ഓണഘോഷത്തിനു പിന്നാലെ കേരളത്തില്‍ പനി രോഗികളുടെ എണ്ണം ഉയരുന്നു ; കോവിഡ് കേസുകളും കൂടി
ഓണം മലയാളികള്‍ അടിച്ചു പൊളിച്ചതിനു പിന്നാലെ എല്ലാ ജില്ലകളിലും വൈറല്‍ പനിയും കോവിഡും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുന്‍പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ സ്ഥിതി മാറി. 14 ാം തീയതിയിലെ കണക്ക് പ്രകാരം 16,040 പേരാണ് പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്. കോവിഡ് കണക്കും വ്യത്യസ്തമല്ല. കഴിഞ്ഞ ഏഴാം തീയതി 1629 പേരാണ് കോവിഡ് ബാധിതരായത്. എന്നാല്‍ 14 ന് ഇത് 2427 ആയി ഉയര്‍ന്നു. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് പനി രോഗികളുടെ എണ്ണം കൂടുതല്‍. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.
നീണ്ടുനില്‍ക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ് ഇപ്പോഴും വ്യാപകമായിട്ടുള്ളത്. സമാന ലക്ഷണങ്ങളുമായി വൈറല്‍ പനിയും കൂടുന്നുണ്ട്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ബ്രിട്ടണില്‍ അടക്കം വ്യാപകമായി പടരുന്നുണ്ട്. പക്ഷേ കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 28 പേര്‍ക്ക് ഡെങ്കിപ്പനിയും 23 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഓണക്കാലത്ത് മാസ്ക് ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിലെ ഇടപെടല്‍ ഉയര്‍ന്നിരുന്നു. ഇതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.