കര്‍ണാടകത്തില്‍ മതംമാറ്റ നിരോധന നിയമം പാസാക്കി ; മതംമാറ്റിയാല്‍ ജാമ്യമില്ലാതെ 10 വര്‍ഷം തടവ്
കര്‍ണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ ‘മതമാറ്റ വിരുദ്ധ ബില്‍’ പാസാക്കി. കഴിഞ്ഞ ഡിസംബറില്‍ ‘കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍’ നിയമസഭ പാസാക്കിയിരുന്നു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) ഭൂരിപക്ഷം കുറവായിരുന്നതിനാല്‍, ബില്‍ നിയമനിര്‍മ്മാണ കൗണ്‍സിലില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം മേയില്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എതിര്‍പ്പുകള്‍ക്കിടയില്‍ ആണ് ബില്‍ പാസാക്കിത്.
വ്യാഴാഴ്ച ഉപരിസഭയുടെ പരിഗണനയ്ക്കായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ബില്‍ അവതരിപ്പിച്ചു. അടുത്ത കാലത്തായി മതപരിവര്‍ത്തനം വ്യാപകമായതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും, സമാധാനം തകര്‍ക്കുകയും വിവിധ മതങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്കിടയില്‍ അവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി. ബില്‍ ആരുടെയും മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും ആര്‍ക്കും ഇഷ്ടമുള്ള മതം ആചരിക്കാമെന്നും എന്നാല്‍ സമ്മര്‍ദത്തിലൂടെയും പ്രലോഭിപ്പിച്ചും അത് പാടില്ലെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
ഗവര്‍ണറുടെ അനുമതിക്ക് ശേഷം, ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ച തീയതിയായ 2022 മെയ് 17 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പ്രോ-ടേം ചെയര്‍മാന്‍ രഘുനാഥ് റാവു മല്‍ക്കാപുരെ ബില്‍ വോട്ടിനിടാനിരിക്കെ നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് പ്രതിഷേധ സൂചകമായി ബില്ലിന്റെ പകര്‍പ്പ് വലിച്ചുകീറി പ്രതിഷേധിച്ചു. ഇത്തരമൊരു നിയമം പാസാക്കുന്ന രാജ്യത്തെ പത്താമത്തെ സംസ്ഥാനമാണിത്.