കൊല്ലത്ത് ട്രെയിന്‍ തട്ടി പഞ്ചായത്തംഗം ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

കൊല്ലം പുനലൂരിന് സമീപം ആവണീശ്വരത്ത് ട്രെയിന്‍ തട്ടി ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ തണല്‍ എ.റഹീംകുട്ടി (59),ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരിച്ചത്. ആവണിശ്വരം റെയില്‍വേ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കൊല്ലത്തേക്ക് ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്നു റഹിംകുട്ടിയും പ്രദേശവാസിയായ സജിനയും. മറ്റൊരു ട്രാക്കില്‍ ഗുരുവായൂരില്‍ നിന്നും പുനലൂരിലേക്ക് വരുന്ന ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു

പുനലൂര്‍-കൊല്ലം പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ റഹിംകുട്ടിയുടെ പോക്കറ്റില്‍ നിന്നും പേപ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നു ഇത് എടുക്കാന്‍ കുനിയുമ്പോള്‍ മൊബൈല്‍ ട്രാക്കിലേക്ക് വീണു. മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ റഹീംകുട്ടി ട്രാക്കിലേക്ക് വീഴുകയും രക്ഷിക്കുവാനായി സജീന ശ്രമിക്കുന്നതിനിടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുകയും ട്രെയിന് അടിയില്‍ പെടുകയും ആയിരുന്നു. സജിന സംഭവ സ്ഥലത്ത് വച്ചും റഹീംകുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.