ഗുരുവായൂരപ്പനും ഹൈ ടെക്കായി ; കാണിക്ക ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ വഴി

കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ ആണ് ഇപ്പോള്‍ എവിടെയും. ഡിജിറ്റല്‍ യുഗത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത്തരത്തില്‍ നമ്മുടെ ഗുരുവായൂരപ്പനും ഹൈ ടെക്കായി. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കാണിക്കയര്‍പ്പിക്കാനായി സ്ഥാപിച്ച ഇ- ഭണ്ഡാരങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, എസ്.ബി.ഐ നെറ്റ്’ വര്‍ക്ക് 2 ന്റെ ചുമതല വഹിക്കുന്ന ജനറല്‍ മാനേജര്‍ റ്റി.ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇ-ഭ ണ്ഡാരസമര്‍പ്പണം നടത്തിയത്.

ഡിജിറ്റല്‍ യുഗത്തില്‍ കടലാസ് രഹിത പണമിടപാട് പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. എസ്.ബി.ഐ ജനറല്‍ മാനേജര്‍ ടി.ശിവദാസ് ഇ- ഭണ്ഡാരത്തില്‍ ആദ്യ കാണിക്കയായി 1001 രൂപ സമര്‍പ്പിച്ചു. കിഴക്കേ ഗോപുര കവാടത്തില്‍ ദീപസ്തംഭത്തിന് മുന്നില്‍ ഇരു വശങ്ങളിലുമായാണ് എസ്.ബി.ഐയുടെ സഹകരണത്തോടെ രണ്ട് ഇ- ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ഭക്തര്‍ക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്ക സമര്‍പ്പിക്കാം. യു പി ഐ പേമെന്റ് സംവിധാനം ഉപയോഗിച്ച് ഗൂഗിള്‍ പേ, പേ ടൈം, ഭീം പേ ഉള്‍പ്പെടെ ഏത് മാര്‍ഗം വഴിയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കയര്‍പ്പിക്കാം.

ഇ-ഭണ്ഡാരം വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലില്‍ ഉള്‍പ്പെടുത്തി രേഖപ്പെടുത്തും. കഴിഞ്ഞ ജൂണ്‍ 24ന് ചേര്‍ന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഇ – ഭണ്ഡാരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുത്ത് മൂന്നു മാസത്തിനകം തന്നെ ഇ- ഭണ്ഡാരം സമര്‍പ്പിക്കാന്‍ സാധിച്ചു.