ഇന്ത്യയുടെ കളി നടക്കാനിരിക്കെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി KSEB ; ലോബിയുടെ കളിയെന്നു സോഷ്യല്‍ മീഡിയ
ഇന്ത്യ ദക്ഷിണാഫ്രിക്ക കളി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി. 2.5 കോടി രൂപ കുടിശികയുണ്ടെന്നു പറഞ്ഞാണ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. വിഛേദിച്ചത്. പലവട്ടം നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷന്‍ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്റര്‍ സഹായത്തോടെയാണെന്ന് കെസിഎ അറിയിച്ചു.
സ്റ്റേഡിയത്തിന്റെ മേല്‍നോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡാണ്(കെഎസ്എഫ്എല്‍) മൂന്ന് വര്‍ഷത്തെ വൈദ്യുതി, കുടിവെള്ള കുടിശ്ശിക വരുത്തിയത്. നികുതിയിനത്തില്‍ കെ എസ് എഫ് എല്‍ തിരുവനന്തപുരം കോര്‍പ്പറേഷന് രണ്ട് കോടി 85 ലക്ഷം രൂപ നല്‍കാനുണ്ട്. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം.2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. ഗാലറിയുടെയും ഫ്‌ലഡ്ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്.
മത്സരത്തിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നതും ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയിലാണ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് സ്റ്റേഡിയം സജ്ജമാക്കുന്നത് അവതാളത്തിലാകുമെന്നാണ് ആശങ്ക. മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങാനിരിക്കെ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു. അതേസമയം സ്റ്റേഡിയത്തിന് എതിരെ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ലോബിയുടെ ഇടപെടല്‍ ആണ് ഇപ്പോള്‍ കറണ്ട് കട്ട് ചെയ്യാന്‍ ഇത്രയും ആത്മാര്‍ഥത KSEB കാണിക്കാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ മുന്‍പ് ധാരാളം ശ്രമങ്ങള്‍ നടന്നിരുന്നു എന്നും അവര്‍ ആരോപിക്കുന്നു.