വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതു വാഹനങ്ങളില്‍ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ പാസാക്കിയ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താറുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റിനായി വാഹനങ്ങള്‍ ഹാജരാക്കുമ്പോള്‍ അനധികൃതമായി ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സ്‌പെഷ്യല്‍ ഡ്രൈവ് നടത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇടവാ – കാപ്പില്‍ – പരവൂര്‍ – കൊല്ലം, കാപ്പില്‍ – ഇടവാ – വര്‍ക്കല ആറ്റിങ്ങല്‍ റൂട്ടുകളില്‍ ഓടുന്ന മിക്ക ബസ്സുകളിലും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാറുണ്ടെന്ന് പരാതിക്കാരനായ കെ.എം അജീര്‍ക്കുട്ടി കമ്മീഷനെ അറിയിച്ചു.