തിരുവോണം ബമ്പര്‍ തിരുവനന്തപുരത്ത്

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് അടിച്ചത് തിരുവനന്തപുരത്ത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. പഴവങ്ങാടിയിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ നിന്ന് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിക്ക് കീഴിലുള്ള ഏജന്‍സിയാണിത്. ലോട്ടറി ഏജന്റ് സുജയുടെ സഹോദരനാണ് അനൂപ്. അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ രാത്രി എട്ട് മണിക്കാണ് ഭാഗ്യക്കുറി എടുക്കുന്നത്. മുപ്പതുകാരനായ അനൂപിന്റെ വീട്ടില്‍ ഭാര്യയു കുട്ടിയും അമ്മയുമാണുള്ളത്.

ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടും റെക്കോര്‍ഡ് വില്‍പനയാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ BR 87 ഭാഗ്യക്കുറി നേടിയത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ മീനാക്ഷി ലക്കി സെന്റര്‍ വിറ്റഴിച്ച ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനം TA 292922 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്. കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. വിവിധ ഘട്ടങ്ങളിലായി അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളാണ് വില്‍പന നടത്തിയത്. 10 % ഏജന്‍സി കമ്മിഷനും 30 % നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് അനൂപിന് ലഭിക്കുക. ടിക്കറ്റിന് പിറകില്‍ ഒപ്പിട്ട് നല്‍കിയാല്‍ ഈ തുക അനൂപിന് സ്വന്തം.

ടിക്കറ്റെടുക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം എന്ന നിലയില്‍ ആകെ നാല് ലക്ഷത്തോളം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പര്‍ ക്രമീകരിച്ചിരുന്നത്. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്. ഓട്ടോ ഡ്രൈവര്‍ ആണ് അനൂപ്. ഭാര്യ ആറ് മാസം ഗര്‍ഭിണിയാണ് കാശിന് അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് കടങ്ങള്‍ ഉണ്ട്. ഇന്നലെ രാത്രി 7.30 ക്കാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.ഭാര്യയാണ് ലോട്ടറി എടുക്കാന്‍ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.