കോവിഡ് വന്ന ശേഷം നിങ്ങള്‍ക്ക് വയറ്റില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടോ?

കോവിഡ് വന്നു പോയാലും അതിനു ശേഷം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ‘ലോംഗ് കൊവിഡ്’ എന്നാണിതിനെ വിളിക്കുന്നത്. ലോംഗ് കൊവിഡ് പല രീതിയിലാണ് നമ്മെ ബാധിക്കുക. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. ‘ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്’ എന്നൊരു ആരോഗ്യപ്രസിദ്ധീകരണത്തില്‍ അടുത്തിടെ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കൊവിഡ് വൈറസിന്റെ അവശേഷിപ്പുകള്‍ ശരീരത്തില്‍ തന്നെ ബാക്കി കിടക്കുന്നതോടെയാണ് ലോംഗ് കൊവിഡ് ഉണ്ടാകുന്നത്. മറ്റ് ചില പഠനങ്ങള്‍ പറയുന്നത് വൈറസിന് പുറത്തുള്ള സ്‌പൈക്ക് പ്രോട്ടീന്‍ രോഗിയുടെ രക്തത്തില്‍ തന്നെ ബാക്കി കിടക്കുന്നതിനാലാണ് ലോംഗ് കൊവിഡ് സംഭവിക്കുന്നത്.

എന്തായാലും വിദേശരാജ്യങ്ങളിലെല്ലാം ലോംഗ് കൊവിഡ് സംബന്ധിച്ച പഠനങ്ങള്‍ക്ക് മാത്രമായി ഗവേഷസംഘങ്ങളും, ലോംഗ് കൊവിഡ് ചികിത്സയ്ക്ക് മാത്രമായി ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്ന സാഹചര്യം വരെ നിലവിലുണ്ട്. അത്രമാത്രം പ്രധാനമാണിത്. കൊവിഡ് 19 രോഗം പരിപൂര്‍ണമായും ഇല്ലാതായാല്‍ പോലും ഇതവശേഷിപ്പിക്കുന്ന സങ്കീര്‍ണതകള്‍ ഏറെക്കാലം ഇവിടെ തുടരുമെന്നതാണ് വാസ്തവം. പത്ത് അവയവ സംവിധാനങ്ങളെ വരെ ലോംഗ് കൊവിഡ് ബാധിക്കാമെന്നാണ് ഈ വിഷയത്തില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഡോ. ദീപക് രവീന്ദ്രന്‍ പറയുന്നത്. യുകെയിലെ ബെര്‍ക്ഷെയര്‍ ലോംഗ് കൊവിഡ് ക്ലിനിക്കിലാണ് ഡോ. ദീപക് പ്രവര്‍ത്തിക്കുന്നത്. ഇത്രയും അവയവസംവിധാനങ്ങളെ ബാധിക്കുന്നതിനാല്‍ വിവിധ തരത്തിലുള്ള ഇരുന്നൂറോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിന്റെ ലക്ഷണമായി വരാമെന്നും ഇദ്ദേഹം പറയുന്നു.

ഇക്കൂട്ടത്തിലൊരു പ്രശ്‌നമാണ് ബ്ലോട്ടിംഗ് അഥവാ വയര്‍ കെട്ടിവീര്‍ത്തുവരുന്ന അവസ്ഥ. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലാണ് സാധാരണഗതിയില്‍ ബ്ലോട്ടിംഗ് കാണപ്പെടാറ്. എന്നാല്‍ കൊവിഡിന് ശേഷമാണ് നിങ്ങളില്‍ ഈ ലക്ഷണം കാണുന്നതെങ്കില്‍ അത് ലോംഗ് കൊവിഡ് സൂചനയാകാം. ഏത് ലോംഗ് കൊവിഡ് ലക്ഷണവും മാസങ്ങളോളം നീണ്ടുനില്‍ക്കുന്നതായി തോന്നിയാല്‍ ചികിത്സ തേടുന്നതാണ് ഉചിതം. ഒപ്പം തന്നെ ജീവിതരീതികളിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിനോക്കാം. ‘കൊവിഡ് ബാധിക്കപ്പെടുമ്പോള്‍ തന്നെ വൈറസ് വയറിനെ ബാധിക്കുന്നുണ്ട്.

രോഗമുക്തിക്ക് ശേഷവും ചിലരില്‍ വൈറസിന്റെ അവശേഷിപ്പുകള്‍ കുടലില്‍ തന്നെ ഇരിക്കുന്നു. ഇത് കുടലിലെ പ്രവര്‍ത്തനങ്ങളെയെല്ലാം മന്ദഗതിയിലാക്കുന്നു. അങ്ങനെയാണ് ബ്ലോട്ടിംഗ് സംഭവിക്കുന്നത്. ബ്ലോട്ടിംഗ് മാത്രമല്ല അനുബന്ധമായി വേദന, ഓക്കാനം, ഗ്യാസ്ട്രബിള്‍ എന്നീ പ്രശ്‌നങ്ങളും വരാം’- ഡോ. ദീപക് പറയുന്നു. ഇടവിട്ട് ചുമ, തളര്‍ച്ച, ശ്വാസതടസം, നെഞ്ചുവേദന, ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ- ശ്രദ്ധക്കുറവ്- ഓര്‍മ്മക്കുറവ് പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ- വിഷാദം പോലത്തെ മാനസികപ്രശ്‌നങ്ങള്‍, തലവേദന, ഉറക്കപ്രശ്‌നങ്ങള്‍, തലകറക്കം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ,സ്ത്രീകളില്‍ ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ലോംഗ് കൊവിഡില്‍ കാണാം.