പിണറായി സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ; നാളെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം
പിണറായി സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11. 45നാണ് വാര്‍ത്താസമ്മേളനം. സര്‍വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാര്‍ത്താ സമ്മേളനമെന്ന് രാജ്ഭവന്‍ അറിയിച്ചു.പിണറായി വിജയന്‍ പല കാര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അതിപ്പോള്‍ പുറത്തുവിടില്ല. സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തില്‍ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയയച്ച കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗവര്‍ണക്കെതിരായ ആക്രമണത്തില്‍ പരാതി നല്‍കേണ്ടതില്ല, സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാം. ഗവര്‍ണരുടെ ഓഫീസ് പരാതി നല്‍കിയോ എന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് സഹതാപം മാത്രമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആക്രമത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണര്‍ പോലും ഇന്നാട്ടില്‍ സുരക്ഷിതനല്ലെന്ന വിഷയത്തില്‍ കേന്ദ്രത്തെ സമീപിയ്ക്കാനുള്ള ഘട്ടമായെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ തലസ്ഥാനത്തും ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.