കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക ; സില്‍വര്‍ ലൈന്‍ ചര്‍ച്ചയായില്ല

കേരളത്തിന്റെ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാത, നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാത, മൈസൂരു-തലശേരി റെയില്‍പാതകള്‍ സാധ്യമല്ലെന്ന് കര്‍ണാടക അറിയിച്ചു. ബന്ദിപ്പൂര്‍ വനത്തില്‍ കൂടിയുള്ള രാത്രിയാത്രയ്ക്കുള്ള അനുമതി ആവശ്യവും തള്ളി. നിലവിലുള്ള രണ്ടു ബസുകളുടെ അനുമതി നാലായി വര്‍ധിപ്പിക്കാനാവില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വനത്തില്‍ കൂടിയുള്ള റെയില്‍ പാതകള്‍ക്കും റോഡിലെ യാത്രാ നിരോധന ഇളവും പാരിസ്ഥിതിക കാരണം ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക തള്ളിയത്. ഒന്നിനും കേന്ദ്ര പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതി ലഭിക്കില്ലെന്നാണ് കര്‍ണാടക ചൂണ്ടിക്കാട്ടുന്നത്. ഇന്ന് രാവിലെയാണ് പിണറായി വിജയനും ബസവരാജ് ബൊമ്മെയും കൂടിക്കാഴ്ച നടത്തിയത്. സില്‍വര്‍ ലൈന്‍ മംഗലാപുരത്തേക്കു നീട്ടുന്നത് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ വിഷയമായില്ല.

കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം കര്‍ണാടക ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കര്‍ണാടക ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കര്‍ണാടക ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.