55 ബാറ്ററികള്‍ വിഴുങ്ങിയ സ്ത്രീക്ക് സര്‍ജറിയിലൂടെ പുതു ജീവന്‍
അയര്‍ലണ്ടില്‍ ഉള്ള ഒരു സ്ത്രീയുടെ വയറ്റിനകത്ത് നിന്ന് സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരിക്കുന്നത് 55 ബാറ്ററികള്‍. കേള്‍ക്കുമ്പോള്‍ തന്നെ ഇതെങ്ങനെ സംഭവിക്കാനാണ് എന്ന അതിശയമായിരിക്കും ഏവരിലുമുണ്ടാവുക. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ചിന്ത വേണ്ട. ബോധപൂര്‍വ്വം തന്നെയാണത്രേ അറുപത്തിയാറുകാരിയായ സ്ത്രീ ബാറ്ററികള്‍ വിഴുങ്ങിയത്. ചെറിയ- ഉരുണ്ട ആകൃതിയിലുള്ള ബാറ്ററികളാണ് ഇവര്‍ ഒന്നൊന്നായി വിഴുങ്ങിയത്. സ്വയം അപകടപ്പെടുത്തുക എന്നത് തന്നെയായിരുന്നുവത്രേ ഉദ്ദേശം. എന്നാല്‍ വൈകാതെ ദേഹാസ്വാസ്ഥ്യമായതോടെ ഇവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സ്‌കാനിംഗിലൂടെ ബാറ്ററികള്‍ കണ്ടെത്തിയെങ്കിലും ഇത് സ്വാഭാവികമായി മലത്തിലൂടെ പുറത്തെത്തുമോ എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ നോക്കിയത്. എന്നാല്‍ അഞ്ച് ബാറ്ററികള്‍ മാത്രമാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ രീതിയില്‍ പുറത്തെത്തിയത്. ഇതിനോടകം ബാറ്ററികളുടെ കനം താങ്ങാതെ ആമാശയം തൂങ്ങിവരുന്ന സാഹചര്യവുമുണ്ടായതോടെ സര്‍ജറി തീരുമാനിക്കുകയായിരുന്നു. സര്‍ജറിയിലൂടെ ആമാശയത്തിലുണ്ടായിരുന്ന ബാറ്ററികളെല്ലാം പുറത്തെടുത്തു.
ഏതാനും ബാറ്ററികള്‍ മലാശയത്തിലെത്തിയിരുന്നു ഇവ മലാശയത്തിലൂടെയും പുറത്തെടുത്തു. ഇവരുടെ ആന്തരീകാവയവങ്ങള്‍ക്കൊന്നും കാര്യമായ അപകടങ്ങളോ പരുക്കോ സംഭവിച്ചിട്ടില്ലെന്നാണ് ‘ലൈവ് സയന്‍സി’ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും ഇത് റെക്കോര്‍ഡ് സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം അവകാശപ്പെടുന്നത്. ഇത്രയധികം ബാറ്ററികള്‍ വിഴുങ്ങിയിട്ടുള്ള സംഭവങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഇവ ചൂണ്ടിക്കാട്ടുന്നത്.