9 ദിവസത്തിനിടെ സംസ്ഥാനത്ത് മുങ്ങി മരിച്ചത് 13 പേര്‍

സംസ്ഥാനത്ത് മുങ്ങിമരണം വര്‍ദ്ധിക്കുന്നതായി അഗ്‌നിരക്ഷാസേനയുടെ റിപ്പോര്‍ട്ട്. ഒരു ദിവസം ശരാശരി മൂന്നു പേര്‍ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്‌നിരക്ഷാസേനയുടെ കണക്ക്. പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളില്‍ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്. കഴിഞ്ഞ 9 ദിവസത്തിനിടെ സംസ്ഥാനത്ത് 13 പേരാണ് മുങ്ങി മരിച്ചത്. ഇതില്‍ കൂടുതലും കുട്ടികളും യുവാക്കളുമാണ്.

ഇന്നലെ പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകന്‍ അനീസ് ഫവാസ് (12) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാലിയാര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. അനീസ് ഫവാസ് മുങ്ങുന്നത് കണ്ട് മറ്റ് കുട്ടികള്‍ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അരീക്കോട് പോലീസ്, മുക്കം അഗ്‌നിരക്ഷാ നിലയം, എടവണ്ണ ഇആര്‍എഫ് സംഘവും തിരച്ചിലിനായി എത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

കാസര്‍ഗോഡ് കുമ്പളയിലും ഇന്നലെ മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്തു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകന്‍ സിനാന്‍ (22) ആണ് മരിച്ചത്. ബന്തിയോട് കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സെപ്റ്റംബര്‍ പത്തിന് മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശികളായ അമ്പലത്തിങ്ങല്‍ ഷൈനിയും (40) മകള്‍ ആശ്ചര്യയും (12) ആണ് മരിച്ചത്.

സെപ്റ്റംബര്‍ പത്തിനായിരുന്നു അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥി ചെന്നിത്തല സ്വദേശി ആദിത്യന്‍(17), ബിനീഷ്, രാഗേഷ് എന്നിവരാണ് മരിച്ചത്. സെപ്റ്റംബര്‍ പതിനഞ്ചിന് വയനാട് അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ വീണ് യുവതി മുങ്ങിമരിച്ചിരുന്നു. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്.

ഇടുക്കിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ നാല് പേരാണ് മുങ്ങിമരിച്ചത്. സെപ്റ്റംബര്‍ പതിനാറിന് വൈകിട്ട് വൈകിട്ട് കാമാക്ഷി അമ്പലമേടില്‍ പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചിരുന്നു. ഇതിനു ശേഷം കാഞ്ഞാറില്‍ മലങ്കര ജലാശയത്തില്‍ കാലുതെന്നി വീണ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ്, ചങ്ങനാശേരി സ്വദേശി അമന്‍ ഷാബു എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം. കളമശ്ശേരിയില്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുന്നംകുളം കണിയാമ്പല്‍ നെടിയെടുത്ത് രാജന്റെ മകന്‍ ഉജ്ജ്വല്‍ (23) ആണ് മുങ്ങി മരിച്ചത്. കളമശേരി മറ്റക്കാട് തെരീക്കുളത്തില്‍ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.