ഗവര്‍ണ്ണര്‍ മുഖ്യന്‍ തമ്മിലടി തുടരുന്നു ; പരസ്പ്പരം വെല്ലുവിളിയും പഴിചാരലും ; കലുഷിതമായി കേരള ഭരണം

സംസ്ഥനത്ത് ഗവര്‍ണ്ണര്‍ മുഖ്യന്‍ പോര് തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗൗരവമായ ആരോപണങ്ങള്‍ ആണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വെളിപ്പെടുത്തിയത്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.

വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐ പി സി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. കെ കെ രാഗേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പാരിതോഷികമാണോയെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.

കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ പോലെ പറയാന്‍ തനിക്കാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനാലാണ് മാധ്യമങ്ങള്‍ എത്തുമ്പോള്‍ സംസാരിക്കുന്നത്. വിസിക്കെതിരായ വിമര്‍ശനവും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ചരിത്ര കോണ്‍ഗ്രസ് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ താന്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട് അല്ലെന്ന് മറുപടി നല്‍കി. 2019ലെ ചരിത്ര കോണ്‍ഗ്രസ് ആക്രമണം എന്ത് കൊണ്ട് ഇപ്പോള്‍ ഉയര്‍ത്തുന്നുവെന്ന ചോദ്യത്തിന് ക്രിമിനല്‍ കേസുകള്‍ക്ക് സമയപരിധി ഇല്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

അന്ന് കണ്ണൂരില്‍ ഉപയോഗിച്ച സമ്മര്‍ദ്ദ തന്ത്രം ഇപ്പോഴും തനിക്കെതിരെ ഉപയോഗിക്കുന്നു. അതിനാലാണ് ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത്. തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഇര്‍ഫാന്‍ ഹബീബ് തനിക്ക് നേരെ വരുമ്പോള്‍ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേ. ഇര്‍ഫാന്‍ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു എന്നതാണ് ചോദ്യം. പ്രതിഷേധിക്കാനാണെങ്കില്‍ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താന്‍ നേരിട്ട് നടപടികള്‍ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവര്‍ക്ക് വേദി വിട്ടിറങ്ങണമെങ്കില്‍ ഗവര്‍ണര്‍ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ?ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാന്‍സിലര്‍ ആയി തുടരാന്‍ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും അവര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ മുഖ്യമന്ത്രി തനിക്ക് വീണ്ടും കത്തയച്ചു. സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടാകില്ലെന്നും കത്തില്‍ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പക്ഷേ വീണ്ടും സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും ?ഗവര്‍ണര്‍ ആരോപിക്കുന്നു.