ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വില കുറയ്ക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ പുറത്തുവിട്ട ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, ഡല്‍ഹിയും മുംബൈയും ഉള്‍പ്പെടെ രാജ്യത്തെ നാല് മെട്രോകളില്‍ ഇന്നും എണ്ണ വിലയില്‍ മാറ്റമില്ല.മെയ് 22നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും, ഡീസലിന് ആറ് രൂപയും കുറച്ചത്. ഇതിനിടെ മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചതിനെത്തുടര്‍ന്ന് വില വീണ്ടും കുറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന വാറ്റ് അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങള്‍ തോറും വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയായപ്പോള്‍ ഡീസല്‍ വില 89.62 രൂപയായി. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 106.31 രൂപയും ഡീസല്‍ വില 94.27 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 106.03 രൂപയായപ്പോള്‍ ഡീസല്‍ വില ലിറ്ററിന് 92.76 രൂപയായി. ചെന്നൈയില്‍ പെട്രോള്‍ വില ലിറ്ററിന് 102.63 രൂപയിലും ഡീസല്‍ വില ലിറ്ററിന് 94.24 രൂപയിലും തുടരുകയാണ്. ബെംഗളൂരുവില്‍ പെട്രോള്‍ വില ലിറ്ററിന് 101.94 രൂപയായപ്പോള്‍ ഡീസല്‍ വില 87.89 രൂപയായി.

2023 ഏപ്രില്‍ മുതല്‍ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ 20 ശതമാനം എത്തനോള്‍ ഉപയോഗിച്ച് പെട്രോള്‍ വിതരണം ചെയ്യാന്‍ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൂടിയാണ് ശ്രമം. ഇത് പെട്രോള്‍ വിതരണം വര്‍ദ്ധിപ്പിക്കും. 2025 ഓടെ പെട്രോളിന്റെ അഞ്ചിലൊന്ന് എത്തനോള്‍ കൊണ്ട് നിര്‍മ്മിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. ‘E20 പെട്രോള്‍ (20 ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോള്‍) ചെറിയ അളവില്‍ 2023 ഏപ്രില്‍ മുതല്‍ ലഭ്യമാകും. ബാക്കിയുള്ള ഇടങ്ങളില്‍ 2025 ഓടെ എത്തും,” അദ്ദേഹം പറഞ്ഞു.