മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല ; കെ സുധാകരന്‍

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗവര്‍ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവര്‍ണര്‍ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവര്‍ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്.

വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎം ചെയ്യുന്നത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഗവര്‍ണറുടെ തുറന്ന് പറച്ചില്‍. മുഖ്യമന്ത്രി പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്. സര്‍വകലാശാലയിലെ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തതാണ്. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ക്ക് കാര്യമായ വേഗം ഉണ്ടായില്ല. പ്രൈവറ്റ് സെക്രട്ടറികൂടിയായ കെ കെ രാഗേഷിന്റെ ഭാര്യയെ അസോ. പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു

ക്രമവിരുദ്ധമായ നിയമനങ്ങള്‍ നടന്നിട്ടും തടയുന്നതില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടായി. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും പലവിഷയങ്ങളിലും പരസ്യമായി തര്‍ക്കിക്കുകയും ഒടുവില്‍ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്. മുഖ്യമന്ത്രിയും ഗവര്‍ണറും ഇപ്പോള്‍ നടത്തുന്ന പരസ്പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ സ്വാധീനത്താലാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള നാടകമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി ഗവര്‍ണറുടെ അടുത്തെത്തി ശുപാര്‍ശ ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സതീശന്‍ പറഞ്ഞു. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ എന്താണ് ഗവര്‍ണര്‍ പറയുന്നതെന്ന് വ്യക്തമല്ല. അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം അല്ല അതിന് മറുപടി നല്‍കേണ്ടത്.

കണ്ണൂരില്‍ ഗവര്‍ണറെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായോ? ആക്രമിക്കാന്‍ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ? പ്ലക്കാര്‍ഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ? യോഗം കലക്കാന്‍ നേരത്തെ തീരുമാനിച്ചതാണോ? എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ലോകായുക്ത ബില്ലും സര്‍വ്വകലാശാല ഭേദഗതി ബില്ലും ഒപ്പിടില്ലായെന്ന ഗവര്‍ണറുടെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു.ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ നേരിട്ട് യുഡിഎഫ് പ്രതിനിധി സംഘം പോയി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതാണ്. ഇത് നിയമവിരുദ്ധമാണ്. അന്ന് ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പുവെച്ചു. അന്ന് ഇവര് ഒന്നു ചേര്‍ന്നു. ഇപ്പൊ ബില്‍ ഒപ്പുവെക്കില്ല എന്നുള്ള നിലപാടെടുത്തിരിക്കുന്നു. നിയമവിരുദ്ധമായ ബില്‍ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. അതുപോലെ സര്‍വ്വകലാശാല ബില്ലും സ്വയംഭരണ അധികാരത്തെ ഇല്ലാതാക്കി സര്‍വ്വകലാശാലയെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി തരംതാഴ്ത്തുകയാണെന്നും സതീശന്‍ പറഞ്ഞു.