കുഴികള്‍ അടയ്ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരും : കോടതി
കേരളത്തിലെ റോഡുകളുടെ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. പൊതുമരാമത്ത് റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകള്‍ മോശമാകുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു.
എഞ്ചിനീയര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടോയെന്നും റോഡുകളിലെ സ്ഥിതി ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളില്‍ കുഴികള്‍ രൂപപ്പെടുമ്പോള്‍ മുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി, മോശം റോഡുകള്‍ കാരണം ആയിരക്കണക്കിന് ആള്‍ക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും റോഡില്‍ ഒരാള്‍ മരിച്ചാല്‍ ജനം രോഷം പ്രകടിപ്പിക്കുമെന്നും ജനം പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിലേക്ക് വന്നതെന്നും പറഞ്ഞു.
അതേസമയം ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്ന സംഭവത്തില്‍ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എഞ്ചിനീയര്‍ ഹൈക്കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായി. റോഡില്‍ കുഴിയുണ്ടായപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരുന്നോ എന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ബോര്‍ഡ് വെച്ചില്ലെന്ന് എന്‍ജിനീയര്‍ ഹൈക്കോടതിയെ അറിയിച്ചു. അറ്റ ഭരണാനുമതി ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും എഞ്ചിനീയര്‍മാര്‍ വ്യക്തമാക്കി.
കുഴികള്‍ അടക്കാന്‍ എന്തിനാണ് ഇത്ര കാലതാമസമെന്ന് ചോദിച്ച ഹൈക്കോടതി മരണം ഉണ്ടായപ്പോള്‍ എങ്ങനെ ഉടന്‍ കുഴി അടച്ചു എന്നും ചോദിച്ചു. കുഴികളില്‍ വീണ് അപകടം ഉണ്ടായേക്കാം എന്ന് ഉദ്യോഗസ്ഥര്‍ ചീഫ് എഞ്ചിനിയറെ അറിയിച്ചിട്ടും ചീഫ് എഞ്ചിനിയര്‍ നടപടി എടുത്തില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഈ ഘട്ടത്തിലാണ് കുഴികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ PWD ഓഫിസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ പരിഹസിച്ചത്. അതേസമയം കിഫ്ബിയുടെ നിര്‍ദേശമുള്ളതുകൊണ്ടാണ് ആലുവ- പെരുമ്പാവൂര്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന് എഞ്ചിനീയര്‍മാര്‍ പറഞ്ഞു.
അത് ഇരുചക്രവാഹനനം ഓടിക്കുന്നവര്‍ക്കുള്ള മരണവാറണ്ടല്ലാതെ മറ്റെന്താണെന്ന് കോടതി അപ്പോള്‍ തിരിച്ചു ചോദിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിന് അപകടങ്ങള്‍ കുഴികളില്‍ വീണ് നടക്കുന്നുണ്ടെന്നും എന്നാല്‍ കേരളത്തില്‍ ഒന്നും മാറുന്നില്ലെന്നും എന്നിട്ടും പുതിയ കേരളത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും ഹൈക്കോടതി പരിഹസിച്ചു. എത്ര ദിവസം കൂടുമ്പോഴാണ് റോഡിലെ പരിശോധന നടത്താറുള്ളത് എന്ന് എന്‍ജിനീയര്‍മാരോട് ഹൈക്കോടതി ചോദിച്ചു. മഴ വരുമ്പോഴാണ് റോഡില്‍ കുഴികള്‍ ഉണ്ടാകുന്നതെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞപ്പോള്‍ മഴ വന്നാല്‍ കുടയെടുക്കണം എന്നാല്‍ മഴ വന്നാല്‍ കുഴി വരും എന്ന് പറയുന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത് എന്നും കോടതി പറഞ്ഞു.