25 കോടി സമ്മാനം ; പക്ഷെ സമ്മാനാര്‍ഹന് കിട്ടുക 12.88 കോടി മാത്രം

25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് നികുതികളെല്ലാം കഴിച്ച് 15 കോടി 75 ലക്ഷം രൂപ ലഭിക്കുമെന്നാണ് ഇന്നലെമുതല്‍ മാധ്യമങ്ങളും മറ്റും വാര്‍ത്ത കൊടുത്തിരുന്നത്.എന്നാല്‍ സമ്മാനാര്‍ഹന് കിട്ടുക 12.88 കോടി മാത്രമാകും. ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതിയിനത്തില്‍ അടക്കേണ്ടി വരും എന്നാണ് കണക്കുകള്‍. ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നികുതി അടക്കേണ്ടതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. 25 കോടി ഒന്നാം സമ്മാനം അടിച്ചാല്‍ ഏജന്റ് കമ്മീഷനും ടാക്സും കിഴിച്ച് 15.75 കോടി രൂപയാകും വിജയിയുടെ അക്കൗണ്ടില്‍ എത്തുക. എന്നാല്‍ നികുതി അവിടം കൊണ്ട് തീരുന്നതല്ല ടാക്‌സ് കണക്കുകള്‍.

അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്‌സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. കൂടാതെ ടാക്സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. ഇങ്ങനെ കണക്കുകളെല്ലാം കുറച്ച് വിജയിക്ക് ആകെ ഉപയോഗിക്കാന്‍ കഴിയുക 12.88 കോടി രൂപ മാത്രമാണ്. ’25 കോടിയുടെ സമ്മാനത്തുകയില്‍ നിന്ന് ഏജന്റ് കമ്മീഷനും ടാക്സും കഴിച്ച് 15.75 കോടി സമ്മാനര്‍ഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്പറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാര്‍ത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷന്‍ കഴിച്ചാല്‍ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാല്‍ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ വരും എന്നത് വസ്തുതയാണ്. എന്നാല്‍ ടാക്സ് അവിടെ കഴിഞ്ഞിട്ടില്ല.’ പോസ്റ്റില്‍ പറയുന്നു.

അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്‌സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീര്‍ന്നില്ല. ടാക്സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.

ചുരുക്കി പറഞ്ഞാല്‍ 25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് 10% ഏജന്റ് കമ്മീഷന്‍ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒന്‍പത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതില്‍ ലോട്ടറി വകുപ്പ് മുന്‍കൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സര്‍ചാര്‍ജും സെസ്സും ചേര്‍ന്ന പണം ലഭിച്ചയാള്‍ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാല്‍ പോര. ഒക്ടോബറില്‍ പണം അക്കൗണ്ടില്‍ കിട്ടുകയാണെങ്കില്‍ ഡിസംബറിന് മുന്‍പ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വര്‍ഷാവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേര്‍ത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാന്‍ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാള്‍ സ്വയം അടക്കേണ്ടതാണ്.

ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വര്‍ഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു. ഇക്കാര്യം അദ്ദേഹം ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ല എങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞത് പോലെ അടുത്ത ഓണത്തിന് ആദായ നികുതി വകുപ്പ് 2.86 കോടി രൂപ കൂടെ നികുതി അടക്കാന്‍ ആവശ്യപ്പെട്ടു എന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന വീഡിയോ നമുക്ക് കാണാം.

ഗൂഗിളില്‍ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒഫീഷ്യല്‍ പേജില്‍ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആര്‍ക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ. നിര്‍ഭാഗ്യവശാല്‍ മുന്‍പ് പറഞ്ഞത് പോലെ സൂര്യന് കീഴിലെ എല്ലാത്തിനെ പറ്റിയും ധാരണയുണ്ട് എന്ന് കരുതുന്ന നമ്മള്‍ പക്ഷെ ഒന്നും സ്വയം ബോധ്യപ്പെടാന്‍ മെനക്കെടാറില്ല. മാധ്യമവാര്‍ത്തകള്‍ തൊണ്ടതൊടാതെ വിഴുങ്ങും, വാട്ട്‌സാപ് ഫോര്‍വേര്‍ഡുകള്‍ ആപ്തവാക്യമാക്കും.